സുപ്രിം കോടതി ജസ്റ്റിസിന്റെ വെളിപ്പെടുത്തല്‍: ആസൂത്രിതമായ വിവേചനത്തിനെതിരെ ജാഗ്രത വേണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
ന്യൂഡല്‍ഹി: രാജ്യത്തെ ഭിന്നിപ്പിക്കുന്ന ആസൂത്രിതമായ വിവേചനത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ നിതാന്ത ജാഗ്രത വേണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് (WIM) ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ് ലാം.
സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്റെ സമീപകാല വെളിപ്പെടുത്തലുകള്‍ ഉദ്ധരിച്ചുകൊണ്ട്, രാജ്യം ഭീതിജനകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവര്‍ പ്രസ്താവിച്ചു. 'ദലിതര്‍, പിന്നാക്ക വിഭാഗങ്ങള്‍, മുസ് ലിംകള്‍ എന്നിവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവകാശം വ്യവസ്ഥാപിതമായി നിഷേധിക്കപ്പെടുന്ന അപകടകരമായ യാഥാര്‍ത്ഥ്യമാണ് ജസ്റ്റിസ് ഭുയാന്റെ വെളിപ്പെടുത്തലുകള്‍ തുറന്നുകാട്ടുന്നത്.
ബിജെപി സര്‍ക്കാര്‍ ഏകശിലാത്മകമായ ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് നീങ്ങുമ്പോള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശാരീരികവും സാമൂഹികവുമായ സുരക്ഷ ബോധപൂര്‍വം അപകടത്തിലാക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യയുടെ ഭരണഘടനാപരമായ അഖണ്ഡത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഈ ആസൂത്രിത ബഹിഷ്‌കരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഇനി പൊതുസമൂഹമാണ് ഇതിനെതിരെ മുന്നിട്ടിറങ്ങേണ്ടത്. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ഐക്യവും സൗഹാര്‍ദ്ദവും തകര്‍ക്കപ്പെടുമ്പോള്‍ നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. വാഗ്ദാനം ചെയ്യപ്പെട്ട എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ സംരക്ഷിക്കാന്‍ ഓരോ പൗരനും എഴുന്നേറ്റ് നില്‍ക്കേണ്ട സമയമാണിത്.
ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന പാര്‍ശ്വവല്‍ക്കരണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഭൂരിപക്ഷ അജണ്ടകളേക്കാള്‍ ഭരണഘടനാപരമായ ധാര്‍മ്മികതയ്ക്ക് മുന്‍ഗണന നല്‍കണമെന്നും യാസ്മിന്‍ ഇസ് ലാം ആവശ്യപ്പെട്ടു.
