സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന ഹരജി; ലഡാക്ക് ഭരണകൂടത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

Update: 2025-10-06 07:39 GMT

ലേ: സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന ഹരജിയില്‍ ലഡാക്ക് ഭരണകൂടത്തിനും കോന്ദ്രസര്‍ക്കാരിനും സുപ്രിംകോടതിയുടെ നോട്ടിസ്.സോനം വാങ്ചുക്കിനെ അനധികൃതമായാണ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നതെന്ന ഹരജിയിലാണ് നോട്ടിസ്. മുതിര്‍ന്ന അഭിഭാഷകനാായ കപില്‍ സിബല്‍ ആണ് സോനം വാങ്ചുക്കിനുവേണ്ടി കോടതിയില്‍ ഹാജരായത്. തന്റെ ഭര്‍ത്താവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അവകാശപ്പെട്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഡോ. ആങ്മോ ഒക്ടോബര്‍ 2 നാണ് സുപ്രിംകോടതിയില്‍ ഒരു റിട്ട് ഹരജി ഫയല്‍ ചെയ്തത്. അടുത്ത ചൊവാഴ്ച കേസ് വീണ്ടും പരിഗണിക്കും.

സെപ്റ്റംബര്‍ 24 ന് ലേയില്‍ നടന്ന അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) സെപ്റ്റംബര്‍ 26 ന് അറസ്റ്റിലായ വാങ്ചുക്ക് നിലവില്‍ ജോധ്പൂര്‍ ജയിലിലാണ്. സോനത്തിന് പുറമേ, ലേയിലെ പ്രാദേശിക ജയിലില്‍ തടവിലാക്കപ്പെട്ട 56 പ്രതിഷേധക്കാരില്‍ 26 പേരെ ഒക്ടോബര്‍ 2 ന് വിട്ടയച്ചു. ഇവര്‍ക്കെതിരേ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നില്ല. എന്നാല്‍ മുപ്പത് പേര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. വാങ്ചുകിനെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്താനുള്ള തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തടങ്കല്‍ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് നിയമങ്ങളുടെ ലംഘനമാണെന്നും ആങ്‌മോക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതയില്‍ പറഞ്ഞു. ആരോപിക്കുന്നു.

ഇതിനിടെ, ലഡാക്ക് വെടിവയ്പ്പില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക് രംഗത്തെത്തിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് താന്‍ ജയിലില്‍ തുടരുമെന്ന് സോനം വ്യക്തമാക്കി. ഇന്നലെ സോനത്തെ അഭിഭാഷകനും സഹോദരനും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

ലഡാക്കിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ലേ അപെക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നിവയുമായി ചേര്‍ന്ന് വാങ്ചുക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണു നരേന്ദ്ര മോദി സര്‍ക്കാര്‍ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്. സംസ്ഥാനപദവി, ഭരണഘടനയുടെ 6ാം ഷെഡ്യൂള്‍ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വര്‍ഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ലഡാക്ക് ഏപ്പെക്സ് ബോഡിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 10ന് നിരാഹാരം ആരംഭിച്ചിരുന്നു. ലേയില്‍ നടന്ന പ്രതിഷേധങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

അതെസമയം ലഡാക്കിലെ സംഘടനകളെ ചര്‍ച്ചയിലേക്ക് എത്തിക്കാന്‍ കേന്ദ്രം ശ്രമം തുടരുകയാണ്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന മുന്‍നിലപാട് ആവര്‍ത്തിക്കുകയാണ് സംഘടനകള്‍.

Tags: