എഐ നിര്‍മിത വ്യാജ വിധികളെ ആശ്രയിച്ച് ഉത്തരവ്; കര്‍ശന മുന്നറിയിപ്പുമായി സുപ്രിംകോടതി

Update: 2026-03-03 09:08 GMT

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വിധിന്യായങ്ങളെ അടിസ്ഥാനമാക്കി കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഗുരുതരമായ ദുര്‍നടപടിയായികണക്കാക്കേണ്ടതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. 'ഇത്തരത്തിലുള്ള വ്യാജ വിധികളെ ആശ്രയിക്കുന്നത് വെറും തീരുമാനത്തിലെ പിഴവല്ല, അത് ഔദ്യോഗികമായ ദുര്‍നടപടിയാണ്. ഇതിന് ഗൗരവകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം,' ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ആന്ധ്രപ്രദേശിലെ ഒരു വിചാരണ കോടതിയിലാണ് സംഭവം. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ അഡ്വക്കേറ്റ് കമ്മീഷണറുടെ റിപോര്‍ട്ടിനെതിരായ പരാതികള്‍ തള്ളിക്കൊണ്ട് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവില്‍ ആധാരമാക്കിയ ചില മുന്‍കാല വിധികള്‍ യാഥാര്‍ഥ്യത്തില്‍ നിലവിലില്ലാത്തെതും എഐ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതുമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. തുടര്‍ന്ന് കേസ് പരിഗണിച്ച ഹൈക്കോടതി, വിചാരണ കോടതി പരാമര്‍ശിച്ച വിധികള്‍ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും, കേസിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തി ഉത്തരവ് ശരിവച്ചു. ഇതിനെതിരായ ഹരജിയിലാണ് സുപ്രിംകോടതി ഇടപ്പെട്ടത്.

അഭിഭാഷകര്‍ ഹരജികള്‍ തയ്യാറാക്കുന്നതിനിടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍, വ്യാജ വിധികള്‍ രേഖകളില്‍ ഉള്‍പ്പെടുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ക്കെതിരേ കര്‍ശനമായ മുന്നറിയിപ്പും കോടതി നല്‍കി. നേരത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചും സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 'mercy vs mankind' പോലുള്ള വിചിത്രമായ പേരുകളിലുള്ള നിലവിലില്ലാത്ത വിധികള്‍ പോലും ഹരജികളില്‍ ഉള്‍പ്പെടുത്തിയതായി അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Tags: