തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് സുപ്രിംകോടതിക്ക് ഉറപ്പ് നല്‍കിയത് പ്രതിദിനം 1,050 മെട്രിക് ടണ്‍ ഓക്‌സിജന്‍; ഉല്‍പ്പാദിപ്പിച്ചത് 90 മെട്രിക് ടണ്‍ മാത്രം

Update: 2021-07-19 07:22 GMT

തൂത്തുക്കുടി: കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ടായപ്പോള്‍ തമിഴ്‌നാടിന് ഓക്‌സിജന്‍ സൗജന്യമായി ഉല്‍പ്പാദിപ്പിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കിയ വേദാന്തയുടെ സ്റ്റെല്‍ലൈറ്റ് കമ്പനി നിര്‍മിച്ചത് നാമമാത്രമായ ഓക്‌സിജന്‍. പ്രതിദിനം 1050 മെട്രിക്ക് ടണ്‍ സൗജന്യമായി നല്‍കുമെന്ന് അവകാശപ്പെട്ട കമ്പനി നല്‍കിയത് വെറും 50 മെട്രിക് ടണ്‍ ഓക്‌സിന്‍ മാത്രം. പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയ സ്റ്റെര്‍ലൈറ്റ് കോപ്പര്‍, ഓക്‌സിജന്‍ നിര്‍മിച്ച് നല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് തുറന്നത്. സുപ്രിംകോടതി തുറക്കാന്‍ അനുവദിച്ചതും ഇതേ കാരണത്തിന്റെ പുറത്താണ്. എന്നാല്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഉറപ്പ് കമ്പനിക്ക് നിവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപോര്‍ട്ട്.

2018ല്‍ സ്‌റ്റെര്‍ലൈറ്റില്‍ മലിനീകരണം രൂക്ഷമായതോടെയാണ് ജനങ്ങള്‍ കമ്പനിക്കെതിരേ അണിനിരന്നത്. പ്രതിഷേധം രൂക്ഷമായതോടെ പോലിസും രംഗത്തുവന്നു. അവര്‍ നടത്തിയ വെടിവയ്പില്‍ 13 പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കമ്പനി അടച്ചുപൂട്ടി.

അതിനുശേഷം കമ്പനി തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റ് നിരവധി തവണ കോടതിയെ സമീപിച്ചു. കോടതി അനകൂലമായി പ്രതികരിച്ചില്ല. അതിനിടയിലാണ് കൊവിഡ് പ്രതിസന്ധി രൂക്ഷമായതും ഓക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടതും. 1050 മെട്രിക് ടണ്‍ പ്രതിദിനം നല്‍കാമെന്ന് മാനേജ്‌മെന്റ് സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിംകോടതി സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞു. സര്‍ക്കാരിന് താല്‍പ്പര്യമില്ലായിരുന്നെങ്കിലും ഓക്‌സിജന്‍ ക്ഷാമത്തിന്റെ സാഹര്യത്തില്‍ ജൂലൈ 31വരെ പ്രവര്‍ത്തനാനുമതി നല്‍കി.

ഈ കാലയളവില്‍ കമ്പനി പ്രതിദിനം വെറും 90 മെട്രിക് ടണ്‍ മാത്രമേ ഉല്‍പ്പാദിപ്പിച്ചുള്ളുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

1050 മെട്രിക് ടണ്‍ എന്നത് തമിഴ്‌നാടിന്റെ പ്രതിദിന ആവശ്യത്തിന്റെ ഇരട്ടിയില്‍ കൂടുതലായിരുന്നു. ഇതാണ് കോടതിയെയും അനുകൂല തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

മെയ് 13നാണ് കമ്പനിയില്‍ ഉല്‍പ്പാദനം തുടങ്ങിയത്. ജൂണ്‍ 30വരെ പ്രവര്‍ത്തിച്ചിട്ടും ഉല്‍പ്പാദനം 90 മെട്രിക് ടണ്‍ കടന്നിട്ടില്ല. 

മെഡിക്കല്‍ ഓക്‌സിനല്ലാതെ മറ്റൊന്നും ഉല്‍പ്പാദിപ്പിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ പ്ലാന്റില്‍ നിന്ന് ഇതുവരെ 1,400 ടണ്ണാണ് വിതരണം ചെയ്തത്.