മുന്‍കൂര്‍ ജാമ്യ ഹരജികള്‍ നേരിട്ട് പരിഗണിക്കുന്ന ഹൈക്കോടതി നടപടി വിമര്‍ശനത്തില്‍; വിശദീകരണം തേടി സുപ്രിംകോടതി

Update: 2025-09-08 07:30 GMT

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ സുപ്രിം കോടതി കടുത്ത വിമര്‍ശനത്തിന് വിധേയമാക്കി. രാജ്യത്തെ മറ്റ് ഹൈക്കോടതികളില്‍ എവിടെയും സമാനമായ നടപടിക്രമം നിലവിലില്ലെന്നാണ് സുപ്രിം കോടതി ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി രജിസ്ട്രാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസില്‍ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്‌റയെ അമിക്കസ് ക്യുറിയായി കോടതി നിയമിച്ചു.

കേരളത്തില്‍ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹൈക്കോടതിയുടെ നടപടിയെ വിമര്‍ശിച്ചത്. ബിഎന്‍എസ്എസ് 482ാം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതിയില്‍ മാത്രമാണ് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റേതെങ്കിലും ഹൈക്കോടതിയിലും സമാനമായ നടപടിക്രമം നിലവിലില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

കേസില്‍ ഒക്ടോബര്‍ 14ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ മുഹമ്മദ് റസല്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഈ നിരീക്ഷണം നടത്തിയത്.

സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദ്, ഹരജിക്കാരന്‍ മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകന്‍ ഷിനോജ് കെ നാരായണന്‍ എന്നിവരും കോടതിയില്‍ ഹാജരായി.

Tags: