ചിന്മയാനന്ദ പീഡനക്കേസ്: ‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സുപ്രീംകോടതി

പീഡന പരാതി നൽകിയ യുവതിയുടെ എല്‍എല്‍എം പഠനം തുടരുന്നതിന് മറ്റൊരു കോളജിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കാന്‍ ഉത്തര്‍പ്രദേശിന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.

Update: 2019-09-02 13:36 GMT

ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിൻമയാനന്ദ പ്രതിയായ പീഡനക്കേസ് അന്വേഷിക്കാൻ പ്രതേക അന്വേഷണ സംഘത്തെ നിയോ​ഗിക്കണമെന്ന് സുപ്രീംകോടതി. പീഡന പരാതി നൽകിയ യുവതിയുടെ എല്‍എല്‍എം പഠനം തുടരുന്നതിന് മറ്റൊരു കോളജിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കാന്‍ ഉത്തര്‍പ്രദേശിന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.

ഉത്തര്‍പ്രദേശിലെ ചിന്മയാനന്ദ് ആശ്രമത്തിന്റെ ഷാജഹാൻപൂരിലെ കോളജിൽ പഠിക്കുന്ന നിയമ വിദ്യാര്‍ഥിയാണ് സ്വാമി ചിന്മയാനന്ദക്കെതിരെ പീഡനാരോപണം ഉന്നയിച്ച്‌ പോലിസില്‍ പരാതി നല്‍കിയത്. തുടർന്ന് പെൺകുട്ടിയെ കാണാതാവുകയും ചെയ്തിരുന്നു. പിന്നീട് പെൺകുട്ടിയെ രാജസ്ഥാനിൽ നിന്നും വെള്ളിയാഴ്ച കണ്ടെത്തുകയായിരുന്നു. യുവതിയെ സുപ്രീംകോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കോളജ് വിദ്യാര്‍ഥികളായ മൂന്ന് പേര്‍ക്കൊപ്പമാണ് യുപി വിട്ടതെന്ന് യുവതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്വയംരക്ഷക്ക് വേണ്ടിയാണ് ഇതെന്നും യുവതി പറഞ്ഞു. ബിജെപി നേതാവും ജനസ്വാധീനമുള്ള നേതാവുമായ സ്വാമി ചിന്മയാനന്ദയ്ക്കെതിരെയാണ് പരാതി നല്‍കിയതെന്നും പ്രമുഖനായതിനാൽ നീതി ലഭിക്കില്ലെന്നും യുവതി അവകാശപ്പെട്ടിരുന്നു. ചിൻമയാനന്ദക്കെതിരേ ലൈംഗിക ആരോപണമുന്നയിച്ച വീഡിയോ വൈറലായതോടെയായിരുന്നു യുവതി ഒളിവില്‍പ്പോയത്.

യുവതിയ്ക്കും കുടുംബത്തിനും പോലിസ് സംരക്ഷണം നല്‍കാനും സുപ്രീംകോടതി ഷാജഹാൻപൂർ എസ്‌എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതിയെയും നിയോഗിച്ചിട്ടുണ്ട്.



Tags:    

Similar News