തിരുവനന്തപുരത്ത് 'ബ്രഹ്‌മോസ് മിസൈല്‍' നിര്‍മ്മാണ യുണിറ്റ്; ഭൂമി കൈമാറ്റത്തിന് സുപ്രിംകോടതിയുടെ അനുമതി

Update: 2025-12-02 09:20 GMT

ന്യൂഡല്‍ഹി: തിരുവനന്തപുരം കാട്ടാക്കട നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് കീഴിലുള്ള 257 ഏക്കര്‍ ഭൂമി മൂന്നു പ്രധാന ദേശീയ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറാമെന്ന് സുപ്രിംകോടതി അനുമതി നല്‍കി. ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യുണിറ്റ്, നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി, സശസ്ത്ര സീമ ബല്‍ (എസ്എസ്ബി) ബറ്റാലിയന്‍ ആസ്ഥാനം എന്നിവയ്ക്കാണ് ഭൂമി അനുവദിക്കുന്നത്.

നിലവില്‍ ജയിലിന് 457 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ നിന്ന് 200 ഏക്കര്‍ നിലനിര്‍ത്തി ശേഷിക്കുന്ന 257 ഏക്കര്‍ ഭൂമിയാണ് കൈമാറ്റത്തിനായി അനുവദിച്ചിരിക്കുന്നത്. തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ഉപയോഗങ്ങള്‍ക്ക് മാറ്റി നിര്‍ദ്ദേശിക്കണമെങ്കില്‍ സുപ്രിംകോടതിയുടെ അനുമതി നിര്‍ബന്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന്റെ വികസനത്തിനായി മിസൈലും തന്ത്രപ്രധാന ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളും നിര്‍മ്മിക്കുന്ന പുതിയ യൂണിറ്റ് സ്ഥാപിക്കണമെന്ന് ഡിആര്‍ഡിഒ മുന്‍പുതന്നെ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് 180 ഏക്കര്‍ ഭൂമി അനുവദിച്ചത്. അതിനൊപ്പം, നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ 32 ഏക്കറും, കേരളത്തില്‍ കേന്ദ്ര സേനയുടെ സ്ഥിര സാന്നിധ്യം ഉറപ്പാക്കുന്ന സശസ്ത്ര സീമ ബല്‍ ബറ്റാലിയന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിനായി 32 ഏക്കറും അനുവദിച്ചു. വര്‍ഷങ്ങളായി നിലനിന്നിരുന്ന ആവശ്യത്തിനാണ് ഇതോടെ വീണ്ടുമൊരു മുന്നേറ്റം. സുപ്രിംകോടതിയുടെ അനുമതിയോടെ ഭൂമി കൈമാറ്റ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍.

Tags: