സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് കടക്കുന്നു

Update: 2021-02-04 07:08 GMT

ആലപ്പുഴ: ജനങ്ങള്‍ക്കാവശ്യമായ എല്ലാത്തരം വസ്തുക്കളും വിതരണം ചെയ്യുന്ന ഔട്ട്‌ലെറ്റായി സപ്ലൈക്കോയെ മാറ്റുുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. തൃക്കുന്നപ്പുഴയിലെ നവീകരിച്ച സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കൊവിഡ് കാലത്ത് ഉള്‍പ്പടെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഉണ്ടാകേണ്ടിയിരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈക്കോക്കായി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഒട്ടേറെ മാറ്റങ്ങളാണ് പൊതുവിതരണ രംഗത്ത് കൊണ്ടുവന്നത്.

പഴയകാല രീതികള്‍ക്ക് വ്യത്യസ്തമായി ഓരോ ഉപഭോക്താവിനും ആവശ്യമുള്ളത് സ്വയം തിരഞ്ഞെടുക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഒരുക്കുന്നത്. ഓണ്‍ലൈന്‍ രംഗത്തേക്കും ഉടന്‍ സപ്ലൈക്കോയുടെ സാന്നിധ്യം ഉറപ്പാക്കും.

നെല്ലിന്റെ താങ്ങ് വില 28 രൂപ ആയിട്ടും സപ്ലൈക്കോയുടെ കൃത്യമായ ഇടപെടലിലൂടെ കമ്പോളത്തില്‍ അരിയുടെ വില പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം സപ്ലൈക്കോയ്ക്ക് 160 ഗൃഹോപകരണ വിതരണ ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് 86 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. തുടര്‍ന്നുള്ള മൂന്ന് മാസവും കിറ്റ് വിതരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. ജനപ്രതിനിധികളായ ടി.എസ് താഹ, സുധിലാല്‍, ലെഞ്ചു സതീശന്‍, സപ്ലൈക്കോ എംഡി പി.എം അലി അസ്ഗര്‍ പാഷ, മേഖലാ മാനേജര്‍ എല്‍ മിനി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News