സമ്പര്‍ക്ക വ്യാപനം: സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍പ്ലാന്‍
അതിര്‍ത്തി കടന്ന് വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികില്‍സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യന്ത്രി വിശദീകരിച്ചു
തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കും. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പര്‍ക്കത്തിലുള്ളവരേ ക്വാറന്റൈനിലാക്കുകയും ചെയ്യുകയാണ്. അതിര്‍ത്തി കടന്ന് വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികില്‍സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യന്ത്രി വിശദീകരിച്ചു
'ഒരു കാര്യം കൂടി ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്. ഇന്ന് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണ് 'കുട്ടികളെ ആരു നോക്കും?' എന്നാണ്. പരിശോധനയ്ക്ക് പോകാന്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മടിക്കുന്നതിന്റെ കാരണമായി ആ മാധ്യമം പറയുന്നത് അവര്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ വീട്ടില്‍ കുട്ടികളും വയോജനങ്ങളും തനിച്ചാകുമെന്നാണ്. രോഗബാധ ഉണ്ടാകാതിരിക്കാനായി നമ്മള്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ച വിഭാഗമാണ് കുട്ടികളും വയോജനങ്ങളും. വയോജനങ്ങളില്‍ രോഗം മാരകമായിത്തീരും എന്നു നമുക്കൊക്കെ അറിയാം. അതുകൊണ്ടുതന്നെ വീടുകളിലുള്ള പ്രായമായവരെ കരുതി അതീവ ജാഗ്രത എല്ലാവരും പുലര്‍ത്തിയേ തീരൂ. എന്നാല്‍ ഈ വാര്‍ത്ത വായിച്ചാല്‍ തോന്നുക, ആളുകള്‍ക്ക് ടെസ്റ്റ് നടത്തി, അവരെ നിര്‍ബന്ധിച്ച് ട്രീറ്റ്‌മെന്റ് സെന്ററുകളിലോട്ട് മാറ്റി, വീട്ടിലെ കുട്ടികളേയും മുതിര്‍ന്നവരേയും സര്‍ക്കാര്‍ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നു എന്നാണ്.
ഈ വാര്‍ത്ത വായിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് ടെസ്റ്റിനോട് സഹകരിക്കാന്‍ വിമുഖതയല്ലേ ഉണ്ടാവുക? അങ്ങനെ ആളുകള്‍ ടെസ്റ്റ് നടത്തുന്നതിനോട് നിസ്സഹകരിക്കുകയും രോഗവ്യാപനം കൂടുകയും ചെയ്യുന്ന സാഹചര്യമാണോ നമുക്ക് വേണ്ടത്. തെറ്റായ രീതി ആരെങ്കിലും സ്വീകരിച്ചാല്‍ തെറ്റാണ് എന്ന് പറഞ്ഞ് ബോധവല്‍ക്കരിക്കുകയല്ലേ ശരിയായ മാധ്യമധര്‍മം. കേരളത്തില്‍ ഇതിനോടകം എത്രായിരം ആളുകള്‍ ക്വാറന്റൈനില്‍ പോയി. എത്ര പേരുടെ ചികിത്സ നടന്നു. വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കാക്കി രക്ഷിതാക്കള്‍ക്ക് പോകേണ്ടി വന്ന എത്ര സംഭവമുണ്ടായി എന്നു നിങ്ങള്‍ തന്നെ പറയൂ' മുഖ്യന്ത്രി വിശദീകരിച്ചു
നമുക്ക് കുടുംബങ്ങളും സാമൂഹ്യജീവിതവും ഉള്ളത് അത്തരം സാഹചര്യത്തില്‍ താങ്ങാകാനാണ്. ഇനി ഏതെങ്കിലും കേസില്‍ അങ്ങനെ ഒരു സഹായം ആര്‍ക്കെങ്കിലും ലഭിച്ചില്ലെങ്കില്‍, അതു സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിച്ചാല്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ച് വേണ്ട പിന്തുണ ഉറപ്പു വരുത്തുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ, വീട്ടിലെ രണ്ടു പേര്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പോയാല്‍, ബാക്കിയുള്ളവര്‍ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ലല്ലോ. എല്ലാ പിന്തുണയും നല്‍കുകയല്ലേ ചെയ്തിട്ടുള്ളത്. അദ്ദേഹം വിശദീകരിച്ചു.
അതുകൊണ്ട്, ഈ രീതിയില്‍ ഭീതി വളരുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളോട് വിമുഖത കാണിക്കുന്നതിനും ഇടയാകുന്ന വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാകരുത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ യാതൊരു തകരാറുമില്ല. പക്ഷേ, അതു വസ്തുനിഷ്ഠവും നിര്‍മാണാത്മകവും ആയിരിക്കണം. കൊവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ആകരുതെന്ന അഭ്യര്‍ത്ഥന നിങ്ങള്‍ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുഭിക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി യാണ് പദ്ധതി ചിലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിലെ 5000 കര്‍ഷകര്‍ക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്‌സിഡി നല്‍കും. സംസ്ഥാനത്തെ 3500 കര്‍ഷകര്‍ക്ക് കിടാരി വളര്‍ത്തലിനായി 15000 രൂപ വീതം സബ്‌സിഡിയും, കാറ്റില്‍ ഷെഡ് നിര്‍മാണത്തിനായി 5000 കര്‍ഷകര്‍ക്ക് 25000 രൂപ വീതം സബ്‌സിഡിയും വിതരണം ചെയ്യും. 6000 കര്‍ഷകര്‍ക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്‌സിഡിയും ആടു വളര്‍ത്തലിനായി 1800 പേര്‍ക്ക് 25000 രൂപ വീതവും സബ്‌സിഡി നല്‍കും.
സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കോണ്‍ടാക്റ്റ് ട്രെയിസിങ്ങിനായി പോലിസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബലിപെരുന്നാളിനോടനുബന്ധിച്ച് ബലികര്‍മം അനുഷ്ഠിക്കുന്നവര്‍ കൊവിഡ് ഹെല്‍ത്ത് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ഒരുവട്ടം കൂടി ഓര്‍മിപ്പിക്കുന്നതായും മുഖ്യന്ത്രി വിശദീകരിച്ചു.

