കൊല്‍ക്കത്ത: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസ താരവും ടീം നായകനുമായ സുനില്‍ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയര്‍ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂണ്‍ ആറിനാണ് മത്സരം നടക്കുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍വച്ചാണ് മത്സരം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
2005 ജൂണ്‍ 12-നായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം.150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ മൂന്നാമതാണ് താരം. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്.