വേനല്‍ച്ചൂട്: പോലിസ് ഉദ്യോഗസ്ഥര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Update: 2023-03-11 12:28 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലിസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലിചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ജലീകരണം ഒഴിവാക്കാനായി കുടിവെള്ളം ലഭ്യമാക്കാന്‍ യൂനിറ്റ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം ചെലവിനായി ഇതിനകം തന്നെ ജില്ലകള്‍ക്ക് പണം കൈമാറിയിട്ടുണ്ട്.

വരുംദിവസങ്ങളില്‍ വിശിഷ്ടവ്യക്തികള്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. അവര്‍ക്കെല്ലാം ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കണം. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥര്‍ പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പടക്കം വില്‍ക്കുന്ന കടകള്‍ പ്രത്യേകം നിരീക്ഷിക്കാനും ലൈസന്‍സ് ഇല്ലാത്ത ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

പട്രോളിങ് ഡ്യൂട്ടിയിലും ബീറ്റ് ഡ്യൂട്ടിയിലുമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ തീപ്പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. പോലിസ് സ്‌റ്റേഷനുകളിലും മറ്റ് ഓഫിസുകളുടെ പരിസരത്തും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി പാത്രങ്ങളില്‍ വെള്ളം കരുതണം. അടിയന്തിരഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ പോലിസ് കണ്‍ട്രോള്‍ റൂമിലും 04712722500, 9497900999 എന്ന നമ്പറില്‍ സംസ്ഥാന പോലിസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News