സുമലതയുടെയും നിഖില്‍ കുമാരസ്വാമിയുടെയും സിനിമകള്‍ക്ക് ഭാഗിക വിലക്ക്

Update: 2019-03-21 13:04 GMT

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ സുമലതയുടെയും നിഖില്‍ കുമാരസ്വാമിയുടെയും സിനിമകള്‍ക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുവരും മാണ്ഡ്യയിലെ സ്ഥാനാര്‍ഥികളായ സാഹചര്യത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. മണ്ഡ്യയില്‍ വോട്ടെടുപ്പു കഴിയുന്ന ഏപ്രില്‍ 18 വരെ സുമലതയുടെയും നിഖിലിന്റെയും സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്കുള്ളത്. എന്നാല്‍ തിയറ്ററുകള്‍ക്കും സ്വകാര്യ ദൃശ്യമാധ്യമങ്ങള്‍ക്കും ഈ വിലക്കില്ല.


അന്തരിച്ച കോണ്‍ഗ്രസ്് നേതാവ് അംബരീഷിന്റെ പത്‌നിയായിരുന്ന സുമലത മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നത്. ജെഡിഎസ് സ്ഥാനാര്‍ഥിയായാണ്് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനായ നിഖില്‍ മല്‍സരിക്കുന്നത്.

അംബരീഷിന്റെ മണ്ഡലമായിരുന്ന മാണ്ഡ്യയില്‍ സുമലതയെ മല്‍സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടേയും അംബരീഷിന്റെ അനുയായികളുടേയും ആവശ്യം. എന്നാല്‍, സഖ്യകക്ഷിയായ ജെഡിഎസിന് കോണ്‍ഗ്രസ് സീറ്റുവിട്ടുനല്‍കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ സുമലതക്ക് മൈസൂര്‍ സീറ്റ് നല്‍കാമെന്നും മാണ്ഡ്യ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടിരുന്നു. മാണ്ഡ്യ ജെഡിഎസിന് കോണ്‍ഗ്രസ് വിട്ട് നല്‍കി സുമലതയ്ക്ക് മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ വഴങ്ങിയില്ല.

കന്നഡ, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഒട്ടേറെ സിനിമകളില്‍ സുമലത അഭിനയിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനായ നിഖില്‍ 2 കന്നഡ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.