ന്യൂഡല്‍ഹി: സുള്ളി ഡീല്‍ ആപ്പ് നിര്‍മിച്ച ഓംകാരേശ്വര്‍ താക്കൂറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് വസുന്ദര ഛോന്‍കറാണ് ജാമ്യം നിഷേധിച്ചത്.
സുളളി ഡീല്‍ ആപ്പ് വികസിപ്പിച്ചെടുത്ത ഇയാളെ ഡല്‍ഹി പോലിസിന്റെ ഐഎഫ്എസ്ഒ യൂനിറ്റാണ് ഇന്‍ഡോറില്‍ നിന്ന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്. ബുള്ളി ബായ് ആപ്പ് കേസിന്റെ സൂത്രധാരനായ നീരജ് ബിഷ്‌ണോയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഓംകാരേശ്വരിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.
അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും വിവരങ്ങള്‍ ലഭ്യമാക്കാന്‍ കുറച്ചുകൂടെ സമയം വേണമെന്നും ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.
തന്റെ പേരുവിവരങ്ങള്‍ രഹസ്യമായി വയ്ക്കാന്‍ പ്രതി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സുള്ളി ഡീല്‍ ആപ്പിനെതിരേ രാജ്യത്താകമാനം നിരവധി പരാതികള്‍ ലഭിച്ചു. ഇപ്പോള്‍ അന്വേഷണം അതിന്റെ ആദ്യ ഘട്ടമേ പിന്നിട്ടിട്ടുള്ളൂ. കുറച്ചുകൂടെ തെളിവുകള്‍ ലഭിക്കാനുണ്ട്- പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ട് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതും കോടതി അംഗീകരിച്ചു.
2021 ജൂലൈയിലാണ് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമില്‍ മുസ് ലിം സ്ത്രീകളെ വില്‍പ്പനയ്ക്കുവയ്ക്കുന്നതിനുള്ള സുള്ളി ഡീല്‍ ആപ്പ് നിര്‍മിച്ചത്. ഡല്‍ഹി പോലിസ് നടത്തിയ അന്വേഷണത്തോടെയാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ ആറ് മാസമായി പോലിസ് ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ബുള്ളി ആപ്പിന്റെ സൂത്രധാരനായ നിരാജ് ബിഷ്‌ണോയെ അസമില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെ ഓംകാരേശ്വറിന്റെ പങ്കും പുറത്തുവന്നു. ബുള്ളി ബായ് സൂത്രധാരന്‍ നീരജും ഓംകാരേശ്വറും വെര്‍ച്യലായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലിസ് കണ്ടെത്തി.
