സുലൈമാന്‍ സേട്ട് ജന്മശതാബ്ദി: ലീഗ് മാപ്പ് പറയണമെന്ന് ഐഎന്‍എല്‍

കോണ്‍ഗ്രസിനോടുള്ള അന്ധമായ വിധേയത്വത്തിന്റെ പേരിലാണ് ബാബരി വിഷയത്തില്‍ തത്ത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച സേട്ടിനെ ലീഗ് സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞതും പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് പുറന്തള്ളിയതും.

Update: 2021-11-10 15:21 GMT

കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷ പദവിയില്‍നിന്ന് പുറത്താക്കിയ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ജന്മശതാബ്ദി കൊണ്ടാടാനുള്ള മുസ്‌ലിം ലീഗ് തീരുമാനം വൈകിയുദിച്ച വിവേകത്തിന്റെ ഫലമാണെങ്കില്‍ പൊതുസമൂഹത്തോട് ക്ഷമാപണം നടത്താന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യാറാവണമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.

കോണ്‍ഗ്രസിനോടുള്ള അന്ധമായ വിധേയത്വത്തിന്റെ പേരിലാണ് ബാബരി വിഷയത്തില്‍ തത്ത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച സേട്ടിനെ ലീഗ് സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞതും പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് പുറന്തള്ളിയതും.

തന്റെ നിലപാടില്‍ ഉറച്ചുനിന്ന സേട്ടുവാവട്ടെ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി തന്റെ രാഷ്ട്രീയ പോരാട്ടവുമായി മുന്നോട്ടുപോവുകയാണുണ്ടായത്. കഴിഞ്ഞ 27 വര്‍ഷം സേട്ടിനെ തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ജന്മശതബ്ദി കൊണ്ടാടാന്‍ പോകുന്നത് കുറ്റബോധം കൊണ്ടാവണം. സുലൈമാന്‍ സേട്ട് അന്ന് സ്വീകരിച്ച നയനിലപാടുകള്‍ ശരിയായിരുന്നുവെന്നും തെറ്റ് പറ്റിയത് തങ്ങള്‍ക്കാണെന്നും തുറന്നുപറയാന്‍ ലീഗ് നേതൃത്വം സത്യസന്ധത കാണിക്കണം. അല്ലാതെ, ചില കോപ്രായങ്ങള്‍ കാട്ടി സേട്ടിനെപ്പോലുള്ള രാഷ്ട്രീയവ്യക്തിത്വത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിലുടെ സ്വയം പരിഹാസ്യരാവുകയേയുള്ളുവെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു,

Tags:    

Similar News