സുകുമാരന്‍നായര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണം: എം എം മണി

Update: 2021-03-24 04:32 GMT
തൊടുപുഴ: എന്‍എസ്എസിന്റെ നിലപാട് യുഡിഎഫിനെ സഹായിക്കാനാണെന്നും സുകുമാരന്‍നായര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി എംഎം മണി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിച്ചത് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിനു പിന്നില്‍ സിപിഐഎം ബിജെപി ധാരണ ആണെന്ന യുഡിഎഫ് വാദത്തെയും എം എം മണി തള്ളി. ഇതിനുപിന്നില്‍ രമേശ് ചെന്നിത്തലയാണ്. ബിജെപിയുമായി അടുത്ത ബന്ധമാണ് രമേശ് ചെന്നിത്തലക്ക് ഉള്ളത്. പോളിംഗ് ബൂത്തിലേക്ക് പോകാന്‍ നേരത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്ന ചെന്നിത്തലയുടെ നിലപാട് വിഡ്ഢിത്തരമാണെന്നും മണി പറഞ്ഞു.


ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോള്‍. കോടതിയുടെ വിധി വന്നതിനുശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും. സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് കൂട്ടായ ആലോചനക്ക് ശേഷം ആകും സര്‍ക്കാര്‍ തീരുമാനമെടുക്കുക. അതുവരെ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും എംഎം മണി പറഞ്ഞു.




Tags: