പലിശക്കുരുക്കില്‍പ്പെട്ട വീട്ടമ്മ തീ കൊളുത്തി മരിച്ച നിലയില്‍

Update: 2026-02-14 11:34 GMT

ഗുരുവായൂര്‍: പലിശക്കുരുക്കില്‍പ്പെട്ട വീട്ടമ്മ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് തീ കൊളുത്തി മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുതുവീട്ടില്‍ ഷിഹാബിന്റെ ഭാര്യ രാമനത്ത് വീട്ടില്‍ ജുമൈല(50)യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് ജുമൈല നാട്ടുകാരിയായ അബിദ എന്ന സ്ത്രീയില്‍ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകന്‍ ഷിനാസ് പറഞ്ഞു. പലിശയിനത്തില്‍ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നല്‍കി. എന്നാല്‍ രണ്ടുമാസമായി പലിശ നല്‍കാനായിരുന്നില്ല. ഇതോടെ അബിദ വീട്ടില്‍ വന്ന് മാതാവിനെ ഭീഷണിപ്പെടുത്തിയതായും ഷിനാസ് പറഞ്ഞു. പലിശയായി അടക്കാനുള്ള പണം തന്റെ കയ്യിലില്ലെന്നും ആധാരം പണയപ്പെടുത്തി പണം നല്‍കാനുള്ള ശ്രമം നടത്തുന്നതായും ജുമൈല ഇവരെ അറിയിച്ചിരുന്നു. എന്നാല്‍ പലിശയിനത്തില്‍ ലഭിക്കാനുള്ള തുക വെള്ളിയാഴ്ച നല്‍കണമെന്നായിരുന്നു അന്ത്യശാസനം. വെള്ളിയാഴ്ച താന്‍ സഹോദനുമായി വരുമെന്ന് പറഞ്ഞാണ് അബിദ മടങ്ങിയത്. ഇതോടെ മാനസികമായി തളര്‍ന്ന ജുമൈല വ്യാഴാഴ്ച പുലര്‍ച്ചെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. ഇതേസമയം മക്കളായ ഷിനാസും അനസുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. നേരം പുലര്‍ന്നതോടെ വീട്ടില്‍ ഉമ്മയെ കാണാത്തതിനെ തുടര്‍ന്ന് ഷിനാസ് ഫോണില്‍ വിളിച്ചു നോക്കി. എന്നാല്‍ ഫോണ്‍ മുറിയിലിരുന്ന് ബെല്ലടിച്ചതോടെ ഷിനാസ് ഉമ്മയെ തിരഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ജുമൈലയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തൈക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പലിശ ആവശ്യപ്പെട്ടുകൊണ്ടുള്ള അബിദയുടെ ഭീഷണി മൂലമാണ് തന്റെ മാതാവ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഷിനാസ് പറഞ്ഞു.


Tags: