ആത്മഹത്യാശ്രമം; നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി

Update: 2023-01-14 08:02 GMT

കൊച്ചി: ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. വിചാരണക്കോടതിയാണ് മതിയായ തെളിവുകളില്ലാത്തതിനാല്‍ നടനെ കുറ്റവിമുക്തനാക്കിയത്. തൃക്കാക്കര അസിസന്റ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നതായിരുന്നു കേസ്. പേപ്പര്‍ മുറിക്കാനുപയോഗിക്കുന്ന കത്തിയെടുത്ത് നടന്‍ ഞരമ്പ് മുറിക്കാന്‍ നോക്കിയെന്നായിരുന്നു പോലിസ് വാദം. 2009 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കളമശ്ശേരിയില്‍ മുളക് പൊടി വിതറി 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ ചോദ്യം ചെയ്യാനായി നടനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര്‍ ഓഫിസിലേക്ക് വിളിച്ച് വരുത്തിയപ്പോല്‍ ആത്മഹത്യാശ്രമം നടത്തിയെന്നായിരുന്നു കേസ്. ചോദ്യം ചെയ്യലിനിടെ അടുത്തുനിന്ന പോലിസുകാരനെ തള്ളിവീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് കൈയിലെ ഞരമ്പ് അറുത്ത് വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പോലിസ് പറഞ്ഞത്. പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആത്മഹത്യാശ്രമത്തിനുമായിരുന്നു കേസെടുത്തത്.

നടനെതിരേ തെളിവുകള്‍ ഹാജരാക്കാനും കുറ്റം ചെയ്‌തെന്ന് സ്ഥാപിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞില്ല. കേസില്‍ പോലിസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള രണ്ട് സാക്ഷികള്‍ മൊഴി നല്‍കിയത് വിജയകുമാറിന് അനുകൂലമായിട്ടാണ്. ദൃക്‌സാക്ഷിയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ സ്വതന്ത്രസാക്ഷിയുടെ മൊഴികള്‍ വിശ്വസനീയമല്ലെന്നു മജിസ്‌ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. വിജയകുമാറിനെതിരായ 25 ലക്ഷം രൂപയുടെ പണാപഹരണ കേസ് പറവൂര്‍ കോടതി നേരത്തെ തള്ളിയിരുന്നു.

Tags:    

Similar News