കറാച്ചി സര്‍വകലാശാലയില്‍ ചാവേര്‍ ആക്രമണം; 3 ചൈനീസ് പൗരന്മാരുള്‍പ്പെടെ 4 മരണം

Update: 2022-04-26 15:22 GMT

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ കറാച്ചി സര്‍വകലാശാല കാംപസില്‍ ചാവേര്‍ ആക്രമണം. സര്‍വകലാശാലയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റിയൂട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട വാനിലെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മൂന്ന് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.

ബലൂച്ച് ലിബറേഷന്‍ ആര്‍മി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള സന്ദേശംവഴി സംഘടനയുടെ വക്താവ് ജീയാന്ദ് ബലൂച്ചാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഒരു വനിതാ പ്രവര്‍ത്തകയാണ് പൊട്ടിത്തെറിച്ചതെന്ന് ബലൂച്ചിന്റെ സന്ദേശത്തില്‍ പറയുന്നു.

ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ഇതിനകം നിരവധി സ്‌ഫോടനങ്ങളാണ് പാകിസ്താനില്‍ നടന്നിട്ടുള്ളത്. ചൈനയുമായി സഹകരിച്ച് നിരവധി വികസന പദ്ധതികളാണ് പാകിസ്താന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിനോടുള്ള പ്രതികരണമാണ് ഇപ്പോള്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍.