'ഈ ദൗത്യം വിജയം'; ആക്‌സിയം 4 ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങിയെത്തി(വിഡിയോ)

Update: 2025-07-15 09:43 GMT

ന്യൂഡല്‍ഹി: 18 ദിവസത്തിനു ശേഷം ആക്‌സിയം 4 ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങിയെത്തി. 

സംഘം നിലയത്തിലെത്തിയ അതേ ഡ്രാഗണ്‍ പേടകത്തില്‍ തന്നെയാണ് ഭൂമിയിലേക്കുള്ള മടക്കവും. ഉച്ചയ്ക്ക് 2.50ന് യാത്രികര്‍ പേടകത്തിന് അകത്ത് കയറുകയും ഹാച്ച് അടക്കപ്പെടുകയും ചെയ്തു. 4.35ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്യപ്പെട്ടു. 22 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കൊടുവില്‍ കാലിഫോര്‍ണിയക്കടുത്ത് പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തു.


ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ ശുഭാംശു, രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്.  18 ദിവസത്തെ ബഹിരാകാശവാസത്തിനു ശേഷമാണ് ശുഭാംശു ഭൂമിയിലെത്തുന്നത്.


ഐഎസ്ആര്‍ഒയുടെ ഏഴെണ്ണമുള്‍പ്പെടെ 60ഓളം പരീക്ഷണങ്ങള്‍ നടത്തിയാണ് മടക്കം. ഇനി, ശുക്ല ആഗസ്ത് ആദ്യം ഇന്ത്യയിലെത്തും. കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ടിബോര്‍ കാപു (ഹംഗറി), സാവോസ് യു വിസ്‌നിവ്‌സ്‌കി (പോളണ്ട്) എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിലെ മറ്റുള്ളവര്‍.

Tags: