എല്‍ഇഡി ബള്‍ബുകള്‍ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് പഠനം

അര മിനുട്ടിനുള്ളില്‍ 99.9 ശതമാനം വൈറസുകളും നശിക്കുന്നതായി ഫോട്ടോകെമിസ്ട്രി ആന്റ് ഫോട്ടോ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Update: 2020-12-23 10:37 GMT

ടെല്‍ അവീവ്: അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് കൊറോണ വൈറസിനെ അതിവേഗം നശിപ്പിക്കാന്‍ കഴിയുമെന്ന് പഠന റിപോര്‍ട്ട്. ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. വ്യത്യസ്ത തരംഗ ദൈര്‍ഖ്യത്തിലുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ പുറത്തുവിടുന്ന എല്‍ഇഡികളാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. 265 285 നാനോമീറ്റര്‍ വേവ് ലെങ്ത്തിലുള്ള വികിരണങ്ങള്‍ വൈറസുകളെ നശിപ്പിക്കുന്നതായി കണ്ടെത്തി. അര മിനുട്ടിനുള്ളില്‍ 99.9 ശതമാനം വൈറസുകളും നശിക്കുന്നതായി ഫോട്ടോകെമിസ്ട്രി ആന്റ് ഫോട്ടോ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.


കൊറോണ പോലുള്ള വൈറസുകളെ നശിപ്പിക്കാന്‍ ചെലവുകുറഞ്ഞ സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ ഈ പഠനഫലങ്ങള്‍ സഹായിക്കുമെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം. അതേ സമയം ആരും വീടുകളില്‍ പരീക്ഷണം നടത്തരുതെന്നും അപകട സാധ്യതയുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ മുന്നറിയിപ്പു നല്‍കി.


ആശുപത്രി മുറികളിലെയും ലിഫ്റ്റുകളിലെയും വായുവില്‍ കൊറോണ വൈറസ് സാന്നിധ്യമുണ്ടാവാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്, സ്‌റ്റെയിന്‍ലെസ് പ്രതലങ്ങളില്‍ കുറെ ദിവസം വൈറസ് തങ്ങുമെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വൈറസിനെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി പഠനങ്ങള്‍ ആരംഭിച്ചത്.




Tags: