വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫിന് ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ഥികള്‍; ദേശഭക്തിഗാനമെന്ന് പോസ്റ്റ് പങ്ക് വച്ച് റെയില്‍വേ, വിവാദമായപ്പോള്‍ പിന്‍വലിച്ചു
കൊച്ചി: വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫിന് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച വിഡിയോ എക്‌സില്‍ നിന്ന് പിന്‍വലിച്ച് ദക്ഷിണ റെയില്‍വേ. ദേശഭക്തി ഗാനമെന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ ഗണഗീതം പങ്കുവെച്ചിരിക്കുന്നത്. വിവാദമായതോടെ പോസ്റ്റ് എക്‌സില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.
'ഉദ്ഘാടന സ്‌പെഷ്യല്‍ എറണാകുളം - കെഎസ്ആര്‍ ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസില്‍ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കോച്ചുകളില്‍ ദേശഭക്തി ഗാനങ്ങള്‍ നിറച്ചു' എന്നായിരുന്നു വിഡിയോ പങ്കുവച്ചുകൊണ്ട് ദക്ഷിണ റെയില്‍വേ എക്‌സില്‍ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയായിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് ഉദ്ഘാടനയോട്ടം ആരംഭിച്ചു. അല്‍പസമയത്തിനകം വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുകയായിരുന്നു.
അതേസമയം, വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
