ഉത്തര്‍പ്രദേശില്‍ വിരഗുളിക കഴിച്ച വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത; നൂറോളം പേര്‍ ആശുപത്രിയില്‍

Update: 2026-02-11 07:12 GMT

ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ വിരനിശീകരണ യജ്ഞത്തിന്റെ ഭാഗമായി വിതരണം ചെയ്ത അല്‍ബന്‍ഡസോള്‍ ഗുളിക കഴിച്ച നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമാല്‍ഗഞ്ച് ബ്ലോക്കിലെ ജവഹര്‍ലാല്‍ പ്രേമദേവി സ്‌കൂളിലാണ് സംഭവം.

സ്‌കൂളിലെ ഏകദേശം 150 വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കിയതില്‍ 100 പേര്‍ക്ക് മിനിറ്റുകള്‍ക്കകം കഠിനമായ തലവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായി. തുടര്‍ന്ന് 33 കുട്ടികളെ കമാല്‍ഗഞ്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും 67 കുട്ടികളെ ലോഹിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിലുടനീളം ഇതേ ഗുളികകള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കിലും ഈ സ്‌കൂളില്‍ മാത്രമാണ് ഇച്ചരമൊരു സംഭവം റിപോര്‍ട്ട് ചെയ്തതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അശുതോഷ് കുമാര്‍ ദ്വിവേദി വ്യക്തമാക്കി.

സംഭവത്തില്‍ ഗുളികയുടെ ഗുണനിലവാരത്തില്‍ പ്രശ്‌നമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചു.

Tags: