20 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍; ശ്രദ്ധേയമായി മര്‍കസിലെ സ്വാതന്ത്ര്യദിനാഘോഷം

Update: 2022-08-15 14:35 GMT

കോഴിക്കോട്: 20 സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെ സംഗമമായി മര്‍കസിലെ സ്വാതന്ത്ര്യ ദിനാഘോഷം. കേന്ദ്ര കാംപസിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന ആഘോഷ പരിപാടിയില്‍ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ദേശീയപതാക ഉയര്‍ത്തി.

ഇന്ത്യക്കാര്‍ എന്ന ഒറ്റപരിഗണയില്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നായി നേടിയെടുത്ത സ്വാതന്ത്ര്യം ആസ്വദിക്കാന്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തില്‍ ഇന്ത്യാ രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ കാലത്തെയും ഭരണാധികാരികളും ജനങ്ങളും ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വിവിധ ഭാഷകളില്‍ രചിച്ച സ്വാതന്ത്ര്യഗീതം വിദ്യാര്‍ഥികള്‍ ആലപിച്ചു. എപി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, വിപിഎം ഫൈസി വില്യാപ്പള്ളി, മുഖ്താര്‍ ഹസ്‌റത്ത്, വിവിധ വകുപ്പുമേധാവികള്‍ ആഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. രാജ്യത്തിന്റെ 26 സംസ്ഥാനങ്ങളിലുള്ള വിവിധ മര്‍കസ് ക്യാമ്പസുകളിലും ഇതേസമയം ആഘോഷപരിപാടികള്‍ നടന്നു.

Tags:    

Similar News