ഫ്രഷേഴ്സ് പാര്‍ട്ടിക്കിടെ അക്രമത്തിനിരയായി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം; ആറു പേര്‍ അറസ്റ്റില്‍
ലാത്തൂര്‍: മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ സ്വകാര്യ കോളേജില്‍ ഫ്രഷേഴ്സ് പാര്‍ട്ടിക്കിടെ അക്രമത്തിനിരയായി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പോലിസ്. സംഭവത്തില്‍ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ എട്ടിന് ലാത്തൂരിലെ എംഐഡിസി പ്രദേശത്തെ സ്വകാര്യ കോളജില്‍ സംഘടിപ്പിച്ച ഫ്രഷേഴ്സ് പാര്‍ട്ടിക്കിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. നൃത്തം ചെയ്യുന്നതിനിടെ ആരംഭിച്ച ചെറിയ തര്‍ക്കം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെയാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സൂരജ് ഷിന്‍ഡെയെ മറ്റു വിദ്യാര്‍ഥികള്‍ വടികളും മുഷ്ടികളും ഉപയോഗിച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിന്‍ഡെയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരണപ്പെടുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന്, കോളേജ് വിദ്യാര്‍ഥികളില്‍ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്ത് സംഭവത്തിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു. കൊലപാതകം, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍, അപകടകരമായ ആയുധങ്ങളോ മാര്‍ഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, സമാധാന ലംഘനം നടത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള മനപ്പൂര്‍വമായ അപമാനം തുടങ്ങിയ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് പോലിസ് പറഞ്ഞു.
