വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; അപരാജിത ബില്ല് നടപ്പിലാക്കണം: മമതാ ബാനര്‍ജി

Update: 2025-06-27 10:31 GMT

കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളജ് കംപസിനുള്ളില്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ നീതി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. മൂന്ന് പ്രതികളെയും വേഗത്തില്‍ പിടികൂടിയിട്ടുണ്ടെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ കഠിനമായ ശിക്ഷകള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇരയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. അപരാജിത ബില്ല് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരേ ശക്തമായ ഒരു പ്രതിരോധം സ്ഥാപിക്കുന്നതിനും, വേഗത്തിലുള്ള അന്വേഷണങ്ങള്‍, വേഗത്തിലുള്ള വിചാരണകള്‍, കര്‍ശനമായ ശിക്ഷകള്‍ എന്നിവ നടപ്പാക്കുന്നതിനും അപരാജിത ബലാല്‍സംഗവിരുദ്ധ ബില്ല് പാസാക്കുന്നത് ആവശ്യമാണെന്ന് പറഞ്ഞ മമതാ ബാനര്‍ജി, ബില്ല് നടപ്പാക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു.

ജൂണ്‍ 25നാണ് കൊല്‍ക്കത്തയിലെ ലോ കോളജ് കംപസിനുള്ളില്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായത്. മുഖ്യപ്രതിയായ മോണോജിത് മിശ്ര പെണ്‍കുട്ടിയെ ബലമായി പിടിച്ച് ഗാര്‍ഡ് റൂമിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. മറ്റു രണ്ടു പ്രതികള്‍ കുറ്റകൃത്യത്തിന് സഹായം നല്‍കുകയും വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു.

ബലാല്‍സംഗ കൊലപാതകത്തിനു വധശിക്ഷ ഉറപ്പാക്കുന്നതാണ് അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024. ഐക്യകണ്‌ഠേനയാണ് ബംഗാള്‍ നിയമസഭ ബില്ല് പാസാക്കിയത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മാതൃകാപരമായ ശിക്ഷ നല്‍കുകയാണ് ബില്ലിന്റെ ലക്ഷ്യം. കൊല്‍ക്കത്ത ആര്‍ ജി കര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അപരാജിത ബില്ല് സര്‍ക്കാര്‍ പാസാക്കിയത്. ബില്ലിനു കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടാനുണ്ട്.

Tags: