പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് പോയ വിദ്യാര്‍ഥി കുളത്തില്‍ മരിച്ച നിലയില്‍

Update: 2026-01-15 10:19 GMT

മംഗളൂരു: പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിക്കടുത്ത കുവെട്ട് ഗ്രാമത്തില്‍ സുബ്രഹ്മണ്യ നായിക്കിന്റെ മകന്‍ സുമന്ത് (15) ആണ് മരിച്ചത്.

പുലര്‍ച്ചെ 4 മണിയോടെ ക്ഷേത്രത്തിലെ ധനൂര്‍ പൂജയില്‍ പങ്കെടുക്കുന്നതിനായി സുമന്ത് സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികളോടൊപ്പം വീട്ടില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ ഏറെ നേരം കാത്തിട്ടും സുമന്ത് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് മറ്റു രണ്ട് കുട്ടികള്‍ ക്ഷേത്രത്തിലേക്ക് പോയി. പിന്നീട് സുമന്ത് എത്തിയില്ലെന്ന് മനസ്സിലായതോടെ അവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍, കുട്ടി ഇതിനകം വീട് വിട്ടുപോയതായി വീട്ടുകാര്‍ അറിയിച്ചു. സുമന്ത് ക്ഷേത്രത്തിലും എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ കുടുംബാംഗങ്ങള്‍ നാട്ടുകാരെ വിവരം അറിയിച്ചു. കാണാതായ കുട്ടി സഞ്ചരിച്ചിരിക്കാമെന്ന് കരുതുന്ന വഴിയിലെ ഒരു കുളത്തിന് സമീപം രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമായി അറിയാന്‍ കഴിയൂവെന്ന് പോലിസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: