മറാത്തി സംസാരിക്കാത്തതില്‍ ട്രെയിനില്‍ ആക്രമണം; വിദ്യാര്‍ഥി ജീവനൊടുക്കി

Update: 2025-11-21 05:14 GMT

താനെ: ട്രെയിനില്‍ മറാത്തി സംസാരിക്കാത്തതിന്റെ പേരില്‍ ആക്രമണത്തിനിരയായ കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥി അര്‍ണവ് ജിതേന്ദ്ര ഖൈരെ (19)യാണ് ജീവനൊടുക്കിയത്. ട്രെയിനിലെ ആക്രമണം സൃഷ്ടിച്ച മാനസിക സമ്മര്‍ദ്ദമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അര്‍ണവിന്റെ പിതാവ് പോലിസ് മൊഴിയില്‍ വ്യക്തമാക്കി.

മുളുണ്ടിലെ കേല്‍ക്കര്‍ കോളജില്‍ പഠിക്കുന്ന അര്‍ണവ് ചൊവ്വാഴ്ച രാവിലെ അംബര്‍നാഥ്-കല്യാണ്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രക്കാരുമായി ഭാഷയെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ അഞ്ചോളം പേര്‍ അര്‍ണവിനെ മര്‍ദിക്കുകയും മറാത്തി സംസാരിക്കാത്തതിന് ചോദ്യം ചെയ്യുകയായിരുന്നു. ഭയന്ന അര്‍ണവ് താനെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നിറങ്ങി മറ്റൊരു നാട്ടുകാരന്റെ സഹായത്തോടെ വീട്ടിലേക്ക് മടങ്ങി. സംഭവത്തെക്കുറിച്ച് ഏറെ വിഷമത്തോടെയും മാനസിക സംഘര്‍ഷത്തോടെയുമാണ് അര്‍ണവ് സംസാരിച്ചിരുന്നുതെന്ന് പിതാവ് പറഞ്ഞു. വൈകിട്ട് മുറി തുറക്കാത്തതിനാല്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ചുനോക്കിയപ്പോള്‍ ആര്‍ണവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ച് ആക്രമണത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്തണമെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags: