സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം നടന്നതിന് വിദ്യാര്‍ഥിക്കു മര്‍ദ്ദനം: ഓട്ടോ ഡ്രൈവര്‍ പിടിയില്‍

Update: 2021-03-02 16:31 GMT

കണ്ണൂര്‍: പാനൂര്‍ മുത്താറിപ്പീടികയില്‍ സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം നടന്നതിനു സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതി ഓട്ടോ ഡ്രൈവര്‍ പിടിയില്‍. സിപിഎം പ്രവര്‍ത്തകന്‍ ജനീഷാണ് പിടിയിലായത്. പ്രതിയെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു. സഹപാഠിയായ പെണ്‍കുട്ടിയുടെ കൂടെ നടന്നതിനാണ് മുത്താറിപ്പീടികയിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് പത്താംക്ലാസ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണു സംഭവം.

    എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആദ്യം മുഖത്തടിച്ച ജിനീഷ് പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം പാനൂര്‍ പോലിസില്‍ പരാതി നല്‍കി. ഇതോടെ ആളുമാറി മര്‍ദ്ദിച്ചതാണെന്നായിരുന്നു ജിനീഷിന്റെ വിശദീകരണം. പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായി. പാനൂര്‍ പോലിസും കേസ് ഒതുക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നതിനു പിന്നാലെ ചെയര്‍മാന്‍ കെ വി മനോജിന്റെ നിര്‍ദേശപ്രകാരം ബാലവകാശ കമ്മീഷനും കേസെടുത്തിരുന്നു. മാത്രമല്ല, മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Student assaulted for walking with classmate: Auto driver arrested

Tags: