വയലില്‍ തീയിടല്‍: സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏകാംഗ സമിതിയെ നിയോഗിച്ച് സുപ്രിംകോടതി

Update: 2020-10-16 10:32 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കാരണമായ വയലില്‍ തീയിടല്‍ നിരീക്ഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏകാംഗ സമിതിയെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് ലോകൂറിനെയാണ് നിയോഗിച്ചത്. ഏകാംഗസിമിതിയെ നിയോഗിക്കുന്നതിനെതിരേ കേന്ദ്രത്തിന്റെ അപേക്ഷ കോടതി തള്ളി.

പഞ്ചാബ്, യുപി, ഹരിയാന സംസ്ഥാനങ്ങളിലാണ് വിളവെടുപ്പിനു ശേഷം കര്‍ഷകര്‍ വയലില്‍ തീയിടുന്നത്. അതുമൂലമുണ്ടാകുന്ന പുക ഡല്‍ഹിയില്‍ കനത്ത വായുമലിനീകരണത്തിന് കാരണമായ സാഹചര്യത്തിലാണ് സുപ്രിംകോടതി ശക്തമായ ഇടപെടല്‍ നടത്തിയത്. ഒക്ടോബര്‍ 26 നാണ് ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കുക.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും എസ് എ ബോപന്ന, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് വിധി.

ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയും കേന്ദ്ര മലിനീകരണ നിയന്ത്രണ അഥോറിറ്റിയും സമിതിക്ക് ആവശ്യമായ സൗകര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും സുരക്ഷയും ഒരുക്കണം. എന്‍സിസി, സ്‌ക്കൗട്ട്, എന്‍എസ്എസ് തുടങ്ങിയവരായിരിക്കണം സമിതിയെ സഹായിക്കേണ്ടത്.

വയല്‍ തീയിടുന്നത് നേരിട്ട് കണ്ട് തയ്യാറാക്കുന്ന റിപോര്‍ട്ട് പതിനഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

തങ്ങള്‍ കോടതി പറഞ്ഞ പ്രകാരമുള്ള എല്ലാ മലിനീകരണ നിയന്ത്രണ നടപടികളും കൈക്കൊണ്ടതായി പഞ്ചാബിന്റെ അഭിഭാഷകന്‍ പറഞ്ഞു. മറ്റ് രണ്ട് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ എത്തിയിരുന്നില്ല.

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രേദശ് സംസ്ഥാനങ്ങളില്‍ വയലിനു തീയിടുന്നതാണ് ഡല്‍ഹിയിലെ മാലിന്യപ്രശ്‌നത്തിന് പ്രധാന കാരണമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News