പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്യുന്നതിന് പകരം നശിപ്പിക്കുന്നത് നിയമവിരുദ്ധം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

ആറ്റിങ്ങലില്‍ അല്‍ഫോന്‍സയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും

Update: 2021-08-13 11:50 GMT

തിരുവനന്തപുരം: ഒഴിപ്പിക്കലിന്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്ത് വില്‍ക്കുന്നതിന് പകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചട്ടവിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ വഴിയരികില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന അല്‍ഫോന്‍സയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണ- നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുന്‍സിപ്പാലിറ്റി തൊഴിലാളികളുടെ സര്‍വ്വേ നടത്തി തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണം. നഗരത്തില്‍ കച്ചവടം ചെയ്യാന്‍ കഴിയുന്ന മേഖലകളും, അനുവദിക്കാന്‍ കഴിയാത്ത മേഖലകളും വേര്‍തിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയാണോ ഒഴിപ്പിക്കല്‍ നടത്തിയതെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags: