തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയയ്ക്ക് കര്‍ശന നിയന്ത്രണം; എഐ ദുരുപയോഗത്തിന് ശക്തമായ നടപടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കേരള പോലിസ്. വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും എഐ ദുരുപയോഗവും തടയാന്‍ ശക്തമായ നിരീക്ഷണ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകളും ഓഡിയോകളും നിയന്ത്രണവിധേയമാക്കാന്‍ നടപടി ശക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം 'എഐ ജെനറേറ്റഡ്' എന്ന ലേബല്‍ ഇല്ലാതെ പ്രചരിക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.
ജാതി, മതം, വര്‍ഗ്ഗം, സമൂഹം എന്നിവയുടെ പേരില്‍ വിഭജനവും വൈരാഗ്യവും സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭാരതീയ ന്യായ സംഹിത 196 പ്രകാരം കുറ്റകരമാണ്. വോട്ടെടുപ്പ് തിയ്യതി, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് ആരംഭിക്കുന്ന 'സൈലന്‍സ് പീരിയഡില്‍' സോഷ്യല്‍ മീഡിയ വഴി ഏതുതരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കിടുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ അഡ്മിന്‍മാര്‍ നിരീക്ഷിക്കണം. ഹൈക്കോടതി നിരീക്ഷണപ്രകാരം അംഗങ്ങളുടെ പോസ്റ്റുകള്‍ക്ക് നേരിട്ട് ഉത്തരവാദിത്വമില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ അഡ്മിന്‍മാര്‍ക്കെതിരേ നടപടിയുണ്ടാകും. നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാതെ തുടരാന്‍ അനുവദിക്കല്‍, വ്യാജ വാര്‍ത്ത പ്രചാരണത്തില്‍ കൂട്ടുനില്‍ക്കല്‍, പോലിസ് നോട്ടിസുകളോട് സഹകരിക്കാതിരിക്കല്‍, ഇത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഐടി നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി.
