സംസ്ഥാനത്ത് ജ്യൂസ് കടകളില്‍ കര്‍ശന പരിശോധന

Update: 2026-04-18 10:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് ശക്തമായ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധനകള്‍ നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ 3,641 പരിശോധനകളാണ് വിവിധ ജില്ലകളിലായി നടത്തിയത്. ഇതില്‍ 291 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടിസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടിസും നല്‍കി. ജ്യൂസ്, കൂള്‍ഡ്രിങ്ക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയുടെ 506 സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു.

വേനല്‍ക്കാലത്ത് മലിനജലത്തില്‍ നിന്നുള്ള ഐസ് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ജ്യൂസ് കടകളിലും വഴിയോര വ്യാപാര കേന്ദ്രങ്ങളിലും ശുദ്ധജലത്തില്‍ നിന്നുള്ള ഐസ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം നല്‍കി. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചൂടുകാലത്ത് ഭക്ഷണം വേഗത്തില്‍ കേടാകാന്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷണവും വെള്ളവും മൂടി സൂക്ഷിക്കണം. പാഴ്‌സല്‍ ഭക്ഷണങ്ങളില്‍ തിയ്യതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു.

കുപ്പിവെള്ളം വാങ്ങുമ്പോള്‍ സീല്‍ പൊട്ടിയിട്ടില്ലെന്ന് ഉറപ്പാക്കണം. വെയിലത്ത് സൂക്ഷിച്ചിരിക്കുന്ന കുപ്പിവെള്ളവും ശീതളപാനീയങ്ങളും ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. അംഗീകൃതമല്ലാത്തതോ വ്യാജമോ ആയ കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരേ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: