കരിപ്പൂരില്‍ ഇനിമുതല്‍ കര്‍ശന പരിശോധന; വിമാനത്താവളത്തിനു സമീപത്തെ റോഡ് അടച്ചു

ഇന്നലെ രാമനാട്ടുകരയിലുണ്ടായ അപകടം അന്വേഷിച്ച പോലിസിനു കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി.

Update: 2021-06-22 09:26 GMT

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു സാധ്യതകള്‍ തടയാന്‍ പോലിസ് നടപടികള്‍ തുടങ്ങി. വിമാനത്താവളത്തിനു സമീപത്തെ റോഡ് ഇന്നലെ രാത്രി അടച്ചു. ഇന്നു മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചു. ഇന്നലെ രാമനാട്ടുകരയിലുണ്ടായ അപകടം അന്വേഷിച്ച പോലിസിനു കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി.

ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഇന്നലെ കരിപ്പൂരിലെത്തി പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വാഹന പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു നിര്‍ദേശം നല്‍കി. യാത്രക്കാരെ പൂര്‍ണമായും നിരീക്ഷിക്കും. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പരിശോധിക്കും. കുമ്മിണിപ്പറമ്പിലേക്കുള്ള റോഡാണ് ഇന്നലെ രാത്രി അടച്ചത്. ഈ റോഡിലൂടെ രാത്രി 11 മുതല്‍ രാവിലെ 6 വരെ യാത്ര അനുവദിക്കില്ല.

നുഹ്മാന്‍ ജങ്ഷനില്‍ എല്ലാ വാഹനങ്ങളും പരിശോധിക്കും. കരിപ്പൂര്‍ പോലിസിനു പുറമേ, കൂടുതല്‍ പോലിസ് സേന എത്തും. വാഹനങ്ങളില്‍ വിമാനയാത്രക്കാരെ കൂടാതെ 2 പേരെ മാത്രമേ ഇനി മുതല്‍ വിമാനത്താവളത്തിലേക്കു പ്രവേശിപ്പിക്കൂ. പ്രവര്‍ത്തിക്കാത്ത സിസിടിവി ക്യാമറകള്‍ ഉടന്‍ നന്നാക്കാന്‍ വിമാനത്താവളം അധികൃതരോടും നഗരസഭയോടും പോലിസ് ആവശ്യപ്പെട്ടു.

Tags:    

Similar News