വെള്ളയില്‍ വാര്‍ഡ് 66 ല്‍ കര്‍ശന നിയന്ത്രണം; ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ വെള്ളയില്‍ വാര്‍ഡ് 66 ല്‍ അടിയന്തരമായി കൂടുതല്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കൂടുതല്‍ സമ്പര്‍ക്ക വ്യാപനമുണ്ടാകാതെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ഈ പ്രദേശം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. വാര്‍ഡിലെ ഇന്‍സിഡന്റ് കമാന്‍ഡറായി ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിത കുമാരിയെ നിയോഗിച്ചു.
കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് വെള്ളയില്‍ ഫിഷിംഗ് ഹാര്‍ബറും തീരദേശ പ്രദേശത്തെക്കുള്ള റോഡുകളും അടച്ചു. തീരദേശ റോഡുകളില്‍ നിന്നും വരുന്നവര്‍ ഗാന്ധി റോഡില്‍ നിന്നും ഭട്ട് റോഡില്‍ നിന്നും തിരിഞ്ഞ് പോവേണ്ടതാണ്. കൊവിഡ് ബാധിത പ്രദേശമായ വാര്‍ഡ് 66ല്‍ നിന്നും യാതൊരു കാരണവശാലും പുറത്തേക്ക് പോവാനോ വാര്‍ഡിലേക്ക് പ്രവേശിക്കാനോ പാടില്ല.
പോലിസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് തുടങ്ങി അവശ്യ സര്‍വീസുകളെ ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാര്‍ഡിനെ 10 സോണുകളായി തിരിച്ചു. അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കാന്‍ ഓരോ സോണിനും നാല് പേരടങ്ങുന്ന ആര്‍ ആര്‍ ടി ടീമിന്റെ സേവനം ലഭ്യമാണ്.
വെള്ളയില്‍ കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഇന്നു മുതല്‍ മുഴുവന്‍ വാര്‍ഡും പൂര്‍ണ്ണവും കര്‍ശനവുമായ ലോക്ക് ഡൗണിലാണ്.
പലചരക്ക് കടകളും അടിസ്ഥാന അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും തുറക്കും. അവശ്യവസ്തുക്കള്‍ ആര്‍ആര്‍ടി അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പോലിസ് ഉറപ്പാക്കും.
ഫിഷറീസ് സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍, ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിത കുമാരി, അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ് ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ആര്‍ആര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
