സമൂഹ മാധ്യമങ്ങളില്‍ നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി:കെ സുധാകരന്‍

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് നിരീക്ഷിച്ച് വരികയാണെന്നും സുധാകരന്‍ പറഞ്ഞു

Update: 2022-03-12 10:31 GMT

തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്നും സുധാകരന്‍ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ് സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും, പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും,ജയ പരാജയങ്ങളില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണമെന്നും സുധാകരന്‍ പറഞ്ഞു.

നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടിവരും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നും സുധീകരന്‍ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റ് തുലച്ചതിന് ആശംസകള്‍ എന്ന വാചകങ്ങളോടെയായിരുന്നു പോസ്റ്റര്‍. പോസ്റ്ററിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.






Tags:    

Similar News