തെരുവ് നായ്ക്കളുടെ കടിയേറ്റ് കുരങ്ങന്‍ കുഞ്ഞ്: രക്ഷകരായി യുവാക്കള്‍

സഹജീവികളോടുള്ള അനുകമ്പ ഇല്ലാതായിട്ടില്ലെന്ന് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മപ്പെടുത്തിയത് പാറലിലെ തൊങ്ങത്ത് താഹിര്‍, കാട്ടുകണ്ടത്തില്‍ മുഹമ്മദ് കുട്ടി, കൊരമ്പി ഷുഹൈബ്, സി പി അന്‍വര്‍, അസം സ്വദേശി ഫര്‍മാന്‍ അലി എന്നിവരാണ്.

Update: 2020-03-01 13:37 GMT

പെരിന്തല്‍മണ്ണ: പാറല്‍ കല്ലിരട്ടി കുന്നില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് അവശനിലയില്‍ കിടന്നിരുന്ന കുരങ്ങന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി യുവാക്കള്‍ മാതൃകയായി. സഹജീവികളോടുള്ള അനുകമ്പ ഇല്ലാതായിട്ടില്ലെന്ന് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മപ്പെടുത്തിയത് പാറലിലെ തൊങ്ങത്ത് താഹിര്‍, കാട്ടുകണ്ടത്തില്‍ മുഹമ്മദ് കുട്ടി, കൊരമ്പി ഷുഹൈബ്, സി പി അന്‍വര്‍, അസം സ്വദേശിയായ ഫര്‍മാന്‍ അലി എന്നിവരാണ്. ഞായറാഴ്ച്ച രാവിലെയാണ് പാറല്‍ കല്ലിരട്ടിയിലെ കോഴിഫാമിലേക്ക് പോകുന്ന വഴിയില്‍ കുരങ്ങന്‍കുഞ്ഞ് പരിക്കേറ്റ നിലയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടനെ ഫാമുടമ മുഹമ്മദ് കുട്ടിയും സഹായി ഫര്‍മാന്‍ അലിയും ചേര്‍ന്ന് കുരങ്ങന്‍ കുഞ്ഞിന് പ്രാഥമിക ചികിത്സയും ഭക്ഷണവും നല്‍കി. വീണ്ടും അവശനില തുടര്‍ന്നപ്പോള്‍ മൃഗസംരക്ഷകരും സാമൂഹ്യപ്രവര്‍ത്തകരുമായ താഹിറിനെയും കൂട്ടുകാരെയും വിവരം അറിയിച്ചു.

ഞായറാഴ്ച്ചയായതിനാല്‍ പഞ്ചായത്ത് മൃഗാശുപത്രിയില്‍ ഉച്ചവരെ മാത്രമാണ് വെറ്റിനറി ഡോക്ടര്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് യുവാക്കള്‍ പാലോളി പറമ്പിലുള്ള തുവ്വൂര്‍ മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. അജയന്റെ വീട്ടില്‍ കുരങ്ങന്‍കുഞ്ഞിനെ എത്തിക്കുകയായിരുന്നു. അദ്ദേഹം പരിശോധന നടത്തി ഫോറസ്റ്റ് വിഭാഗത്തിലെ റാപിഡ് റെസ്‌പോണ്‍സ് ടീമിനെ ഏല്പിക്കാന്‍ നിര്‍ദേശിച്ചു. അവര്‍ കൊടികുത്തിമലയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റില്‍ എത്തിക്കുവാന്‍ നിര്‍ദേശിച്ചു. അവിടത്തെ ബീറ്റ് ഓഫീസര്‍ സനൂപ് പയ്യന്നൂര്‍, വാച്ചര്‍മാരായ റിയാസ് അമ്മിനിക്കാട്, സജീഷ് പാതയ്ക്കര എന്നിവരെ ഈ കുരങ്ങന്‍ കുഞ്ഞിനെ ഏല്‍പ്പിക്കുകയും ചെയ്തു .

ഇന്ന് തന്നെ വൈദ്യ ശുശ്രൂഷ നല്‍കുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.