മാവോവാദി മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരേ യുഎപിഎ: നിയമം എന്തുപറയുന്നു?
രാഷ്ട്രത്തിനെതിരേ മുദ്രാവാക്യം വിളിച്ചുവെന്ന കാരണത്താല്‍ ഒരാള്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്താനാവുമോ? നിയമം എന്തുപറയുന്നു?
കോഴിക്കോട്: മാവോവാദി ലഘുലേഖ കൈയില്‍ വച്ചുവെന്നാരോപിച്ച് അറസ്റ്റിലായ രണ്ടു പേരില്‍ ഒരാളായ ത്വാഹ ഫൈസല്‍ തെളിവെടുപ്പിനു വേണ്ടി വീട്ടില്‍ വന്ന സമയത്ത് മാവോവാദി മുദ്രാവാക്യം മുഴക്കിയെന്നാരോപിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലിസാണ് വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ തെരുവില്‍ വച്ച് അറസ്റ്റ് ചെയ്ത സമയത്താണ് മുദ്രാവാക്യം മുഴക്കിയതെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു. നിയമസഭയിലാണ് മുഖ്യമന്ത്രി ഈ പരാമര്‍ശം നടത്തിയത്. മാവോവാദിയാണെന്നതിനും യുഎപിഎ ചുമത്തിയതിനും പോലിസും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്ന കാരണം ഇതാണ്.
ജെഎന്‍യുവിലെ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നവര്‍ക്കെതിരേ പോലിസ് എടുത്ത കേസുകളിലൊന്നില്‍ അവര്‍ പാക് അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതായിരുന്നു. അതു ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസ് രാജ്യദ്രോഹക്കേസ് ചുമത്തുകയും ചെയ്തു. പക്ഷേ, ഈ ചാര്‍ജ്ജ് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ചുമത്താന്‍ കഴിയുമായിരുന്നുള്ളു. അവരത് നല്‍കാന്‍ തയ്യാറായില്ല. മുദ്രാവാക്യവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് വന്ന പ്രധാന കേസുകളില്‍ ഒന്ന് ഇതാണ്.
കോഴിക്കോട് കേസില്‍, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തന്നെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് ത്വാഹ ഫൈസല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ത്വാഹ മുദ്രാവാക്യം വിളിച്ചിട്ടുണ്ടോ എന്ന കാര്യം അതുകൊണ്ടുതന്നെ സംശയാസ്പദമാണ്. അതു മാറ്റിവച്ചാല്‍ രാഷ്ട്രത്തിനെതിരേ മുദ്രാവാക്യം വിളിച്ചുവെന്ന കാരണത്താല്‍ ഒരാള്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്താനാവുമോ? അതേ കുറിച്ച് നിയമം എന്തുപറയുന്നു?
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതുകൊണ്ടു മാത്രം ഒരാള്‍ക്കെതിരേ രാജ്യദ്രോഹക്കേസ് എടുക്കാനാവില്ലെന്നാണ് വിവിധ കോടതികളിലെ വിധികള്‍ പറയുന്നത്. 1995 ലാണ് സുപ്രിം കോടതിയില്‍ ഇതുസംബന്ധിച്ച ഒരു കേസ് വരുന്നത്.
ബല്‍വന്ദ് സിങും, ഭുപിന്ദര്‍ സിങും പഞ്ചാബ് സര്‍ക്കാര്‍ സര്‍വ്വീസിലെ രണ്ട് ഉദ്യോഗസ്ഥരാണ്. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും രാജ്യത്താകമാനവും സിക്കുകാര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സമയത്ത് ഇരുവരും ചണ്ഡിഗഢിലെ നലീമ സിനിമ തിയ്യറ്ററിനു മുന്നില്‍ വച്ച് ഖാലിസ്ഥാന്‍ സിന്ദാബാദ്, രാജ് കരെഗ ഖല്‍സ, ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പോലിസ് രണ്ടു പേരെയും അറസ്റ്റ് ചെയ്ത് ടെററിസ്റ്റ് അഫക്റ്റഡ് ഏരിയ (സെപെഷ്യല്‍ കോര്‍ട്ട്)ആക്റ്റ് 1984, സെക്ഷന്‍ 14 അനുസരിച്ച് കേസെടുത്തു. കൂട്ടത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ 124 എ പ്രകാരം രാജ്യദ്രോഹ കുറ്റവും ചുമത്തി. കീഴ്‌ക്കോടതി ശിക്ഷിച്ചു. ഒടുവില്‍ കേസ് സുപ്രിം കോടതിയിലെത്തി.
സുപ്രിം കോടതിയിലെ ജഡ്ജിമാരായ ജസ്റ്റിസ്. എ എസ് ആനന്ദ്, ഫെയ്‌സാന്‍ ഉദ്ദിന്‍ തുടങ്ങിയവര്‍ കേസില്‍ വാദം കേട്ടു. ഒരാള്‍ ഒന്നോ രണ്ടോ തവണ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം കടുത്ത വകുപ്പുകള്‍ ചുമത്തണമെങ്കില്‍ മറ്റ് തെളിവുകള്‍ ആവശ്യമാണ്. ജനങ്ങളില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്യണം. ഇതൊന്നുമില്ലാതെ ഒന്നോ രണ്ടോ മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ കടുത്ത നടപടി എടുക്കാനാവില്ല. പോലിസുകാര്‍ കുറച്ചുകൂടെ ഉത്തരവാദിത്തവും പക്വതയും കാണിക്കണമെന്ന് കോടതി ശാസിച്ചു. ഇതുപോലുള്ള കേസുകള്‍ തിരിഞ്ഞുകൊത്തുകയാണ് ചെയ്യുകയെന്നും കോടതി പോലിസിനെ ഓര്‍മിപ്പിച്ചു.

