തെരുവ് നായ പ്രശ്‌നം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ തീവ്രവാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുന്നു

Update: 2022-09-15 00:32 GMT

തിരുവനന്തപുരം: തെരുവ് നായ വിഷയത്തില്‍ സെപ്റ്റംബര്‍ 20 മുതലാണ് തീവ്ര വാക്‌സിനേഷന്‍ ഡ്രൈവ് ഔദ്യോഗികമായി തീരുമാനിച്ചതെങ്കിലും, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അതിനേക്കാള്‍ മുന്‍പ് തന്നെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനകം തന്നെ നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിച്ചുകഴിഞ്ഞു. കൊല്ലം കോര്‍പറേഷന്‍ സെപ്റ്റംബര്‍ 16നും തിരുവനന്തപുരം കോര്‍പറേഷന്‍ സെപ്റ്റംബര്‍ 18നും തെരുവ് നായകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള തീവ്രയജ്ഞം ആരംഭിക്കും. കൊല്ലത്ത് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുക്കും. ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നാളെ മുതല്‍ തെരുവ് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ തീവ്ര യജ്ഞം ആരംഭിക്കുകയാണ്. ഇതിന് പുറമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വളര്‍ത്തുനായകള്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടിയും നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗം ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

സെപ്റ്റംബര്‍ 15നും 20നും ഇടയില്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേര്‍ന്ന് തെരുവുനായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഈ യോഗത്തില്‍ പ്രോജക്ട് ഭേദഗതിയും ആക്ഷന്‍ പ്ലാനും തീരുമാനിക്കും.എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗവും വിളിച്ചുചേര്‍ക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും പട്ടികള്‍ക്കായി എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) സ്‌റ്റെറിലൈസേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ആദ്യഘട്ടത്തില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്തിന് ഒരു കേന്ദ്രം എന്ന നിലയിലാണ് ഒരുക്കുക. നിലവില്‍ സജ്ജമായ എബിസി കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും. മറ്റുള്ള സ്ഥലങ്ങളില്‍ ഇവ ആരംഭിക്കാനുള്ള നടപടികള്‍ അതിവേഗം തുടരുകയാണ്. നായക്കുഞ്ഞുങ്ങളെ പിടികൂടി ചെറുപ്രായത്തില്‍ തന്നെ വാക്‌സിനേഷനും എബിസിയും നടത്താനും നടപടിയും സ്വീകരിക്കും. നായകളെ പിടികൂടാന്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിക്കാനുള്ള ശ്രമവും തുടരുകയാണ്. കുടുംബശ്രീ ഇത്തരത്തില്‍ താത്പര്യമുള്ളവരുടെ എണ്ണമെടുക്കുന്ന പ്രവര്‍ത്തി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വെറ്റിനറി സര്‍വകലാശാലയാണ് പരിശീലനം നല്‍കുന്നത്. എബിസി പ്രോഗ്രാമിന് വെറ്റിനറി സര്‍വ്വകലാശാല പിജി വിദ്യാര്‍ത്ഥികളെയും ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കും.

തെരുവ് നായകളെ പാര്‍പ്പിച്ച് പരിപാലിക്കുന്നതിന് ഷെല്‍ട്ടറുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ജനകീയ ഇടപെടലിലൂടെ കണ്ടെത്തും. തെരുവ് നായകളുടെ വന്‍കൂട്ടമുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിച്ച് നിരന്തര ഇടപെടല്‍ നടത്തി നായശല്യം പരിഹരിക്കാന്‍ നടപടികളെടുക്കും. മൃഗങ്ങളെയും മനുഷ്യരെയും പട്ടികള്‍ കടിച്ചതിന്റെ വിശദാംശങ്ങള്‍ മൃഗ സംരക്ഷണ വകുപ്പില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നും ലഭ്യമാക്കിയാണ് ഈ ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിക്കുന്നത്.

Tags:    

Similar News