തെരുവ്‌നായ വിഷയത്തില്‍ അവലംബിക്കുന്നത് ശാസ്ത്രീയവും പ്രായോഗികവുമായ മാര്‍ഗങ്ങളെന്ന് സര്‍ക്കാര്‍

Update: 2022-09-17 08:53 GMT

തിരുവനന്തപുരം: തെരുവ് നായകളുടെ ആക്രമണത്തിന് പരിഹാരം കാണാന്‍ ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളാകെ ഒരേ മനസ്സോടെ നേരിടേണ്ട പ്രശ്‌നമാണ് ഇത്. അതിനു ആസൂത്രിതമായ പരിഹാര മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തെരുവില്‍ കാണുന്ന പട്ടികളെ തല്ലിയും വിഷം കൊടുത്തു കൊന്നു കെട്ടിത്തൂക്കിയത് കൊണ്ടും ഈ പ്രശ്‌നത്തിന് പരിഹാരമാകില്ല എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. അതുപോലെ വളര്‍ത്തു നായ്ക്കളെ സംരക്ഷിക്കാനും തെരുവില്‍ ഉപേക്ഷിക്കാതിരിക്കാനുള്ള ശ്രദ്ധയും ജനങ്ങളില്‍ എല്ലാവരിലുമുണ്ടാകണം.

തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 21 മരണം ഉണ്ടായിട്ടുണ്ട്. ഇവരില്‍ 15 പേരും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിനും (ഐ.ഡി.ആര്‍.വി),ഇമ്മ്യുണോ ഗ്ലോബുലിനും (ഇ.ആര്‍.ഐ.ജി) എടുക്കാത്തവരാണ്. ഒരാള്‍ ഭാഗികമായും 5 പേര്‍ നിഷ്‌കര്‍ഷിച്ച രീതിയിലും വാക്‌സിന്‍ എടുത്തിട്ടുള്ളവരാണ്. 21 മരണങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താനുള്ള ഫീല്‍ഡ്തല അന്വേഷണം പൂര്‍ത്തിയായി. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കുവാന്‍ വിദഗ്ധ സമിതിയെ നിയമിച്ചു.

ആന്റി റാബീസ് വാക്‌സിനുകളുടെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് കേന്ദ്രമാണ്. കേന്ദ്ര ടെസ്റ്റിംഗ് ലബോറട്ടറികള്‍ സര്‍ട്ടിഫൈ ചെയ്ത വാക്‌സിനുകള്‍ മാത്രമാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്നത്.

പേവിഷബാധ നിര്‍മ്മാര്‍ജന പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്. സെപ്തംബര്‍ പേവിഷ പ്രതിരോധ മാസമായി ആചരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വളര്‍ത്തു നായ്ക്കളില്‍ 2,00,000 പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തി. ഇതു കൂടാതെ 1.2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവെയ്പുകള്‍ കടിയേറ്റ മൃഗങ്ങള്‍ക്ക് നല്‍കി.

വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഐ.എല്‍.ജി.എം.എസ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. വാക്‌സിനേഷന്‍ പൂര്‍ത്തികരിച്ച് മൂന്ന് ദിവസത്തിനകം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്ത നായകള്‍ക്ക് മെറ്റല്‍ ടോക്കണ്‍/കോളര്‍ ഉടമയുടെ ഉത്തരവാദിത്തത്തില്‍ ഘടിപ്പിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് സെപ്തംബര്‍ 20 മുതല്‍ ആരംഭിക്കും. ഒരു മാസത്തില്‍ പത്തോ അതിലധികമോ തെരുവുനായ ആക്രമണം സംഭവിച്ച പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയാണ് ഈ നടപടി പൂര്‍ത്തീകരിക്കുക.

ഒക്ടോബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന തീവ്ര വാക്‌സിന്‍ യജ്ഞം നടത്താനാണ് തീരുമാനം.

മാലിന്യങ്ങള്‍ പൊതുസ്ഥലത്തു നിക്ഷേപിക്കുന്നത് നായ്ക്കളുടെ കൂട്ടം ചേരലിനു ഒരു പ്രധാന കാരണമാണ്. മാംസ മാലിന്യങ്ങള്‍ തെരുവുനായകള്‍ക്ക് ഉപയോഗിക്കാനാകുന്ന വിധം നിക്ഷേപിക്കുന്നത് ശക്തമായി തടയും. ഇതിനായി ഹോട്ടലുകള്‍,കല്ല്യാണമണ്ഡപങ്ങള്‍,റസ്റ്റാറന്റുകള്‍, ഭക്ഷണശാലകള്‍ എന്നിവയുടെ ഉടമകള്‍,മാംസവ്യാപാരികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോഗം വിളിച്ചു കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ നല്‍കും. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് പ്രാദേശികതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അനിമല്‍ ഷെല്‍ട്ടര്‍ ആരംഭിക്കും. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഏകോപിപ്പിച്ച് വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.