അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കൊണ്ട് പൊറുതി മുട്ടി; യുപിയില്‍ യോഗിയുടെ സമ്മേളന വേദിക്ക് അരികിലേക്ക് കന്നുകാലികളെ അഴിച്ചുവിട്ട് കര്‍ഷക പ്രതിഷേധം
ലഖ്‌നോ: തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളെക്കൊണ്ട് പൊറുതി മുട്ടിയിലെ കര്‍ഷകര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമ്മേളന വേദിക്ക് അരികിലേക്ക് നൂറ് കണക്കിന് കന്നുകാലികളെ അഴിച്ചുവിട്ടു. തലസ്ഥാനമായ ലഖ്‌നോവിന് 40 കിലോമീറ്റര്‍ അകലെ ബരാബങ്കിയിലാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
നൂറുകണക്കിന് പശുക്കള്‍ വേദിക്കു സമീപം അലഞ്ഞുതിരിയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കര്‍ഷക നേതാവായ രമണ്‍ദീപ് സിംഗ് മാന്‍ ആണ് വീഡിയോ പങ്കുവച്ചത്.
'യോഗി ആദിത്യനാഥിന്റെ ബാരാബങ്കിയിലെ പരിപാടി തുടങ്ങും മുമ്പ്, കര്‍ഷകര്‍ നൂറുകണക്കിന് കന്നുകാലികളെ വയലില്‍ നിന്ന് ഓടിച്ച് റാലി സ്ഥലത്തിന് സമീപം ഉപേക്ഷിച്ചു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ കൈകാര്യം ചെയ്യാന്‍ ഒരുവഴിയുമില്ലാതെയായതോടെയാണ് കര്‍ഷകര്‍ ഇത് ചെയ്തത്'- അദ്ദേഹം ട്വീറ്റ് ചെയ്തു.
'അഞ്ച് വര്‍ഷമായി യുപി സര്‍ക്കാരിനും ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിപാടിക്ക് മുമ്പ് ബിജെപി എന്ത് പരിഹാരമാണ് കൊണ്ടുവരുന്നതെന്ന് കാണാന്‍ കര്‍ഷകര്‍ കാത്തിരിക്കുകയാണ്''- മറ്റൊരു ട്വീറ്റില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് ബരാബാങ്കി ജില്ലാ അധികൃതരോ യോഗി ആദിത്യനാഥോ പ്രതികരിച്ചിട്ടില്ല. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന മോദിയുടെ പ്രസംഗം യോഗി വീണ്ടും റിട്വീറ്റ് ചെയ്തു.
മാര്‍ച്ച് 10നു ശേഷം കന്നുകാലിപ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്നാണ് മോദി ഞായറാഴ്ച നടന്ന റാലിയില്‍ പറഞ്ഞത്.
പാല് തരാത്ത മൃഗത്തില്‍ നിന്ന് ചാണകം എടുത്ത് പണമുണ്ടാക്കാമെന്നാണ് ഒരു നിര്‍ദേശം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കന്നുകാലിപ്രശ്‌നം ബിജെപി വിട്ടുകളഞ്ഞിരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ യുപിയില്‍ ബിജെപിക്കാരുടെ അംഗസംഖ്യ കൂടിയതിനേക്കാള്‍ അഞ്ചിരട്ടി കന്നുകാലികള്‍ കൂടിയിട്ടുണ്ടാകുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
2019ല്‍ കന്നുകാലിപ്രശ്‌നം പരിഹരിക്കാന്‍ യോഗി സര്‍ക്കാര്‍ പണം വകയിരുത്തിയിരുന്നു. പക്ഷേ, പരിഹരിക്കാനായില്ല .
