വംശീയയുക്തിയുടെ ബലതന്ത്രങ്ങള്‍

Update: 2022-05-05 06:15 GMT

വാഹിദ് ചുള്ളിപ്പാറ

കോഴിക്കോട്: ഇരകളെ വേട്ടക്കാരായി ചിത്രീകരിച്ച് അവരെ വീണ്ടും ആക്രമണത്തിന് ഇരയാക്കുന്ന വംശീയ യുക്തിയാണ് യൂറോപ്പിലായാലും ഇന്ത്യയിലായാലും നടക്കുന്നത്. അതില്‍ ഹിന്ദുത്വര്‍ മുതല്‍ ലിബറല്‍ പക്ഷക്കാര്‍വരെയുണ്ട്. അതിന്റെ ബലതന്ത്രങ്ങള്‍ വെളിപ്പെടുത്തുകയാണ് വാഹിദ് ചുളളിപ്പാറ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

അറബ് മുസ് ലിം നാടുകളില്‍ അധിനിവേശം നടത്തിയും മറ്റും മുസ് ലിം വിരുദ്ധതക്കും കൊളോണിയല്‍ നവകോളോണിയല്‍ വംശീയാക്രമണങ്ങള്‍ക്കും യൂറോപ്പും അമേരിക്കയും ആധ്യക്ഷ്യം നിര്‍വഹിക്കുമ്പോള്‍ തന്നെയാണ് യൂറേബ്യ എന്ന വംശീയ സങ്കല്‍പം യൂറോപ്പിനകത്ത് പ്രചാരം നേടുന്നത്. മുസ് ലിംകള്‍ നിരന്തരവും പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെ തന്നെ മുസ് ലിംകള്‍ തങ്ങളെ കീഴടക്കാന്‍ വരുന്നുവെന്ന ഒരു തരം പ്രതീതി സൃഷ്ടിക്കുക, മുസ് ലിം സാന്നിധ്യങ്ങളെ തന്നെ പൈശാചികവല്‍കരിക്കുക. അധിനിവേശങ്ങള്‍ നരകതുല്യമാക്കിയ നാടുകളില്‍ നിന്ന് ജീവന്‍ കൈയ്യില്‍ പിടിച്ച് വന്ന അഭയാര്‍ഥികളെ കാണിച്ചാണ് ഈ വംശീയത പ്രചരിപ്പിച്ചത്.

ഇന്ത്യയിലും നടക്കുന്നത് മറ്റൊരു രീതിയില്‍ ഇതേ ലോജിക്കാണ്. വംശഹത്യകളിലും മോബ്ലിഞ്ചിംഗുകളിലുമൊക്കെയായി മരിച്ചുവീഴുന്ന സമുദായത്തെ രാജ്യം പിടിക്കാന്‍ പോകുന്ന 'ജിഹാദി'കളായി പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ സ്‌റ്റേറ്റ് അപരവല്‍കരിച്ച വികസനത്തിന്റെ എല്ലാ സൂചികകളിലും പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമുദായത്തെ എല്ലാം കൈയടക്കുന്നവരായി ചിത്രീകരിക്കുന്നു. വംശീയതയുടെ ശക്തികള്‍ അവരുടെ പ്രചാരണ ശക്തി കൊണ്ട് മേല്‍ക്കൈ നേടുകയും ഇരകളെ വേട്ടക്കാരായി ചിത്രീകരിക്കുകയും ചെയ്യുക.

'തങ്ങളെ കീഴടക്കാന്‍ വരുന്ന മുസ് ലിം' എന്ന ഒരു വംശീയയുക്തിയാണ് ഈ പ്രചാരണങ്ങള്‍ക്കെല്ലാം അടിപ്പടവായി നില്‍ക്കുന്നത്.ഹിന്ദു മഹാസമ്മേളനം തന്നെ സാധ്യമാവുന്നതും ക്രിസ്ത്യാനികള്‍ക്കിടയിലെ വംശീയവാദികള്‍ക്ക് അതിനോട് ചേരാനാവുന്നതും ഈ വംശീയ യുക്തിയില്‍ മാത്രമാണ്. 'മതരാഷ്ട്രവാദികള്‍', 'ന്യൂനപക്ഷ വര്‍ഗീയത', 'എല്ലായിടത്തും മതം കൊണ്ട് വരുന്നവര്‍' തുടങ്ങിയ ആക്ഷേപങ്ങളിലൂടെ സെക്കുലര്‍, ലിബറല്‍ പക്ഷത്തുള്ളവര്‍ പലപ്പോഴും സഹായിക്കുന്നതും ഈ വംശീയ യുക്തിയെയാണ്. 

Full View