മീററ്റ്; ഉത്തര്‍പ്രദേശില്‍ മീററ്റ് ജില്ലയിലെ ഛുര്‍ ഗ്രാമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിനുനേരേ കല്ലേറ്. സിവല്‍ഖസ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനീന്ദര്‍ പാല്‍ സിങ്ങിന്റെ പ്രചാരണവാഹനത്തിനുനേരെയാണ് കല്ലേറുണ്ടായത്.
ആക്രമണത്തില്‍ സ്ഥാനാര്‍ത്ഥിയുടെ കാറിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ജാട്ടുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പ്രചാരണത്തിനെത്തിയതായിരുന്നു സ്ഥാനാര്‍ത്ഥി. കല്ലേറിനു വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.
രാഷ്ട്രീയ ലോക് ദളാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. സഹതാപതരംഗത്തിലൂടെ വോട്ട് തട്ടിയെടുക്കാനാണ് നീക്കമെന്ന് രാഷ്ട്രീയ ലോക്ദളും തിരിച്ചടിച്ചു.
ബിജെപിയില്‍ ചേരുന്നതിനു മുമ്പ് സിങ് എസ്പിയിലും ബിഎസ്പിയിലും പ്രവര്‍ത്തിച്ചിരുന്നു. ഇതേ സ്ഥാനാര്‍ത്ഥിക്കെതിരേ കുറച്ചുദിവസം മുമ്പ് ഇതേ ജില്ലയില്‍ സമാനമായ ആക്രമണം നടന്നിരുന്നു. കോപാകുലരായ ഗ്രാമീണര്‍ ബിജെപി വിരുദ്ധമുദ്രാവാക്യവുമായെത്തി സ്ഥാനാര്‍ത്ഥിയെ ആട്ടിയോടിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരേ ബിജെപിയിലും പ്രതിഷേധമുണ്ട്. സീറ്റ് തിരിച്ചെടുക്കണമെന്നാണ് ആവശ്യം. ബിജെപി സിറ്റിങ് എംഎല്‍എയായ ജിതേന്ദ്ര പാല്‍ സിങ്ങിന് സീറ്റ് നിഷേധിച്ച ശേഷമാണ് മനീന്ദറിന് അനുവദിച്ചത്.