കൊച്ചി: മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ആറ് മാസത്തേക്കാണ് സ്റ്റേ.
കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജി മജിസ്ട്രേറ്റ് കോടതി തള്ളുകയും നവംബറില്‍ നേരിട്ട് ഹാജരാകാന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
2011ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് ആദായനികുതി വകുപ്പെടുത്ത കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും പറയുന്നു.