നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ പ്രതിഷേധം

Update: 2020-10-29 14:47 GMT
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി വ്യാപാരി ധര്‍ണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനും ജനറല്‍ സെക്രട്ടറി രാജു അപ്‌സരയും അറിയിച്ചു. ജി.എസ്.ടിയിലെ വ്യാപാര ദ്രോഹ നടപടികള്‍ നിര്‍ത്തിവയ്ക്കുക, കൊവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ നടപടികള്‍ അവസാനിപ്പിക്കുക, പരിധിയില്‍ കൂടുതല്‍ പിരിച്ചെടുത്ത പ്രളയ സെസ് നിര്‍ത്തലാക്കുക, അനധികൃത വഴിയാര വാണിഭങ്ങള്‍ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ പുറപ്പെടുവിച്ച നോട്ടീസ് നടപടികള്‍ പിന്‍വലിക്കുക, പുതുക്കിയ വാടക-കുടിയാന്‍ നിയമം ഉടന്‍ നടപ്പാക്കുക, ലൈസന്‍സിന്റെ പേരില്‍ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി 11 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി 10 ലക്ഷത്തിലധികം വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും. ഇതിന്റെ ഭാഗമായി അന്നേ ദിവസം രാവിലെ 10 മുതല്‍ 12 വരെ കടതുറന്ന് വില്‍പ്പന നിര്‍ത്തി തൊഴില്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. സമരത്തില്‍ എല്ലാ വ്യാപാരികളും വ്യാപാര സ്ഥാപനത്തിന്റെ മുമ്പിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണയില്‍ അണിചേരുമെന്നും നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.




Tags: