ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവന; ജി സുധാകരന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവനയില്‍ സിപിഎം നേതാവ് ജി സുധാകരന്റെ മൊഴിയെടുത്തു. അമ്പലപ്പുഴ തഹസില്‍ദാര്‍ ആണ് സംഭവത്തില്‍ ജി സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തത്. വിഷയത്തില്‍ കേസെടുക്കണമെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശത്തിനു പിന്നാലെയാണ് മൊഴിയെടുപ്പ്. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു മൊഴിയെടുപ്പിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സുധാകരന്‍ പ്രതികരിച്ചത്. തഹസില്‍ദാറുമായി എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, റിപോര്‍ട്ട് ഇന്നു തന്നെ ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
ഗുരുതരമായ ക്രിമിനല്‍ കുറ്റമായതിനാല്‍ ജി സുധാകരനെതിരേ എഫ്‌ഐആര്‍ ഇട്ട് കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു നിര്‍ദേശം. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക.
ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ വെച്ചാണ് ജി സുധാകരന്‍,1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. വിഷയത്തില്‍ ഇനി കേസെടുത്താലും കുഴപ്പമില്ല എന്നു പറഞ്ഞായിരുന്നു പരാമര്‍ശം.