മദ്യനയം പുനപരിശോധിക്കണം; വിദേശ മദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും കെപി രാജേന്ദ്രന്‍

കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണം

Update: 2022-03-31 07:20 GMT

തിരുവനന്തപുരം: മദ്യനയം പുനപരിശോധിക്കണമെന്ന് സിപിഐയുടെ ട്രേഡ് യൂനിയന്‍ സംഘടനയായ എഐടിയുസി. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ കള്ള് ഷാപ്പുകള്‍ തുറക്കണമെന്നും സിപിഐ നേതാവ് കെപി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം. ഇടത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് മദ്യനയം. വിദേശ മദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. മദ്യ ആസക്തിയില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം. വിദേശ മദ്യ ഷോപ്പുകള്‍ കൂട്ടുന്നത് ഇതിന് തിരിച്ചടിയാകുമെന്നും കെപി രാജേന്ദ്രന്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ നിലപാടിനെ മുതിര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വം പിന്തുണച്ചു. പറയേണ്ടതെല്ലാം കെ പി രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് കൂടുതലായൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

പുതിയ മദ്യനയം

പുതുക്കിയ മദ്യനയത്തിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മദ്യവില്‍പ്പനശാലകളുടെ എണ്ണം കൂട്ടും. ഐടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. കാര്‍ഷികോല്‍പ്പനങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരാനും തീരുമാനമായി

മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ വില്‍പ്പനശാലകള്‍ തുറക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപ്പോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. 170 വില്‍പ്പനശാലകള്‍ കൂടി വേണമെന്ന ആവശ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ മുന്നോട്ട് വച്ചിരുന്നത്. സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെ പുതിയ ഔട്‌ലെറ്റുകള്‍ തുറക്കും.

ഐടി പാര്‍ക്കുകളില്‍ നീക്കിവക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശന വ്യവസ്ഥയോടെ മദ്യം നല്‍കുന്നതിന്, പ്രത്യേക ലൈസന്‍സ് അനുവദിക്കും. സംസ്ഥാനത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. നിവലിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ദിപ്പിക്കും. പുതിയ യൂനിറ്റുകള്‍ ആരംഭിക്കും. കാര്‍ഷിക മേഖലയുടെ പുനരൂജ്ജീവനത്തിനായി കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും. നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രൂവറി ലൈസന്‍സ് അനുവദിക്കും. കള്ള് ചെത്ത് വ്യവസായ ബോര്‍ഡ് പ്രവര്‍ത്തന സജ്ജമാകാത്ത സാഹചര്യത്തില്‍ നിലവിലെ ലൈസന്‍സികള്‍ക്ക് ഷാപ്പ് നടത്താന്‍ അനുമതി നല്‍കും.

Tags:    

Similar News