സംസ്ഥാന അധ്യാപക അവാര്‍ഡ് ഡോക്ടര്‍ കെ എ ജോയിക്ക്

Update: 2021-09-05 07:59 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ ജോയി അര്‍ഹനായി. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെന്ന് അതിനുള്ള പരിഹാരം കണ്ടെത്തി പിന്തുണ നല്‍കുന്ന അധ്യാപകരില്‍ ഒരാളാണ് ജോയി. 

1998 ലാണ് സെന്റ് ആന്റണിസ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായി അദ്ദേഹം എത്തുന്നത്. 2013ല്‍ പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം. പിന്നാലെ അമ്മാടം സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് പ്രിന്‍സിപ്പലായി ട്രാന്‍സ്ഫറും. തുടര്‍ന്ന് 2016 ജൂണില്‍ പുതുക്കാട് സ്‌കൂളിലേക്ക് പ്രിന്‍സിപ്പല്‍ ആയി തിരികെയെത്തി. 

1996 ല്‍ തന്നെ ബോട്ടണിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. മേഘാലയ ഷില്ലോങ്ങ് നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബോട്ടണിയില്‍ ഓര്‍ക്കിഡുകള്‍ കുറിച്ചുള്ള പഠനത്തിനായിരുന്നു ഡോക്ടറേറ്റ്. കോവിഡ് പ്രതിസന്ധിക്കിടയിലും ഓണ്‍ലൈന്‍ ക്ലാസുകളായി സജീവമാണ് ജോയി. ഓരോ വര്‍ഷവും 1,200 വിദ്യാര്‍ത്ഥികളാണ് 11, 12 ക്ലാസുകളില്‍ ഈ വിദ്യാലയത്തില്‍ പഠനത്തിനായി എത്തുന്നത്. കുട്ടികളുടെ സാമ്പത്തിക കാരുണ്യ ക്ഷേമങ്ങള്‍ക്ക് കൂടി മുന്‍തൂക്കം നല്‍കി കൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങളാണ് ജോയ് എന്ന അധ്യാപകനെ വേറിട്ട് നിര്‍ത്തുന്നത്.

തൃശൂര്‍, മണ്ണംപേട്ട സ്വദേശികളായ പരേതരായ അന്തോണി അന്നംകുട്ടി ദമ്പതികളുടെ മകനാണ്. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപിക ജിലു മോളാണ് ഭാര്യ. ഏകമകന്‍ ജസ്റ്റിന്‍ ജോയ് ഫിലിപ്പൈന്‍സില്‍ എംബിബിഎസ് അവസാനവര്‍ഷം വിദ്യാര്‍ത്ഥിയാണ്. പുതുക്കാട് എം എല്‍ എ കെ കെ രാമചന്ദ്രന്‍ നേരിട്ടെത്തി അദ്ദേഹത്തെ അനുമോദിച്ചു. 

Tags: