സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് വെര്‍ച്യുലായി തുടങ്ങും; പ്ലസ് വണ്‍ പരീക്ഷയില്‍ രണ്ട് ദിവസത്തിനകം തീരുമാനമെന്നും മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ ക്ലാസുകള്‍ തുടക്കത്തില്‍ വെര്‍ച്യലായും പിന്നീട് വിദ്യാര്‍ഥി-അധ്യാപക സംവാദ രീതിയില്‍ ഡിജിറ്റലായും തുടരാനാണ് തീരുമാനം.

Update: 2021-05-27 06:54 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് വെര്‍ച്യുലായി തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തുടക്കത്തില്‍ വെര്‍ച്യലായും പിന്നീട് വിദ്യാര്‍ഥി-അധ്യാപക സംവാദ രീതിയില്‍ ഡിജിറ്റലായും ആരംഭിക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ്-ടിവി ഇല്ലാത്ത പ്രശ്‌നം, ഇതൊക്കെ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.

ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോല്‍സവം രാവിലെ 9.ന് വിക്ടേഴ്‌സ് ചാനലില്‍ ആരംഭിക്കും. സംസ്ഥാന തല പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നടക്കും. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ പങ്കെടുക്കും.

എസ്എസ്എല്‍സി മൂല്യ നിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25വരെ നടക്കും. ഹയര്‍സെക്കണ്ടറി, വിഎച്ചഎസ്‌സി മൂല്യ നിര്‍ണയം ജൂണ്‍ ഒന്നിന് തുടങ്ങി 19ന് അവസാനിക്കും. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും.

പ്ലസ് വണ്‍ പരീക്ഷയില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും. പ്ലസ് ടു ക്ലാസ്സുകള്‍ ജൂണ്‍ രണ്ടാംവാരം  ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സൂം, ഗൂഗിള്‍ പോലുള്ള പ്ലാറ്റ് ഫോമുകളുപയോഗിച്ച് സ്‌കൂള്‍ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പാഠപുസ്തകങ്ങളുടെ വിതരണം 90ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ ജൂണ്‍,ജൂലൈ,ആഗസ്റ്റ് മാസങ്ങളില്‍ വിതരണം ചെയ്യും. യൂനിഫോം വിതരണവും ആരംഭിച്ചിട്ടുണ്ട്.

അധ്യാപക തസ്തികയില്‍ പിഎസ്‌സി നിയമനോത്തരവ് ലഭിച്ചവര്‍ക്ക് ഘട്ടം ഘട്ടമായി നിയമനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.


Tags: