സംസ്ഥാനത്ത് പോളിങ് പൂര്‍ത്തിയായി; ഇനി മുന്നണികള്‍ക്ക് കണക്ക് കൂട്ടല്‍ കാലം

2016ല്‍ 77.53 ശതമാനം; ഇക്കുറി ഏഴ് മണിവരെ 73.58 ശതമാനം

Update: 2021-04-06 14:36 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിധിയെഴുത്ത് പൂര്‍ത്തിയാക്കി. ഇനി മുന്നണികള്‍ക്ക് ഫലം വരുന്ന മെയ് രണ്ടുവരെ കണക്ക് കൂട്ടല്‍ കാലമാണ്. സംസ്ഥാനത്ത് ഉച്ചവരെ ശക്തമായ പോളിങ് ആണ് നടന്നതെങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യമായ പോളിങ് നടന്നില്ല. സര്‍വെ ഫലങ്ങളെ അപ്രസക്തമാക്കുന്നതരത്തില്‍ പല മണ്ഡലങ്ങളിലും വിധിയെഴുത്തുണ്ടായെന്നാണ് മുന്നണികള്‍ പറയുന്നത്. അന്തിമ ഘട്ടത്തിലായിരുന്നു ഈ മാറിമറിയല്‍. ഇടതിനും വലതിനും ഉറപ്പിച്ച പല മണ്ഡലങ്ങളിലും ഒടുവില്‍ അത്ഭുതകരമായ മാറ്റമാണുണ്ടായത്.

2016ല്‍ 77.53 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്. ഇത്തവണ ഏഴ് മണിവരെയുള്ള കണക്കനുസരിച്ച് 73.58 ശതമാനമാണ് പോളിങ്. ഈ കണക്കില്‍ നേരിയ വര്‍ധനവുണ്ടാകും. വടക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ് നടന്നത്. കോഴിക്കോട് ജില്ലയിലാണ് ഉയര്‍ന്ന പോളിങ് 78.14, കുറഞ്ഞ പോളിങ് പത്തനംതിട്ടയിലാണ് 66.94. താരപോരാട്ടം നടന്ന പല മണ്ഡലങ്ങളിലും രാവിലെ മുതല്‍ ശക്തമായ പോളിങ് ആണ് നടന്നത്. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ രണ്ട് മണിവരെ കനത്തപോളിങ് നടന്നു. ഉച്ചയ്ക്ക് ശേഷവും മഞ്ചേശ്വരത്ത് കാര്യമായ പോളിങ് നടന്നു. പക്ഷേ മറ്റ് പല മണ്ഡലങ്ങളിലും ഉച്ചയ്ക്ക് ശേഷം വലിയ തോതിലുള്ള പോളിങ് നടന്നിട്ടില്ല.

കഴിഞ്ഞതവണ 76.31 ആയിരുന്നു മഞ്ചേശ്വരത്തെ പോളിങ്. ഇത്തവണ ഇതുവരെ 76.66 ശമാനമാണ്. ന്യൂനപക്ഷ മേഖലകളില്‍ ശക്തമായ പോളിങ് നടന്നു. മഞ്ചേശ്വരത്തെ ഇടതു വോട്ടുകളില്‍ വിള്ളല്‍ വീണു എന്നാണ് അറിവ്. 2016 നോടു ചേര്‍ന്ന് നില്‍ക്കുന്ന പോളിങ് ശതമാനമാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍. നേമത്ത് കഴിഞ്ഞ തവണ 74ശതമാനമായിരുന്നു പോളിങ്. ഇത്തവണ ഇതിലും താഴെയാണ് നേമത്തെ പോളിങ്. 69.65 ആണ് ഏഴ് മണിവരെയുള്ള പോളിങ്. നേമത്തെ ബിജെപി ശക്തി കേന്ദ്രങ്ങളായ നഗരപ്രദേശങ്ങളില്‍ കാര്യമായ പോളിങ് നടന്നില്ല. എന്നാല്‍ പുത്തന്‍പള്ളി, കാരയ്ക്കാമണ്ഡപം, നേമം, മുട്ടത്തറ തുടങ്ങിയ ന്യൂനപക്ഷ മേഖലകളില്‍ ശക്തമായ പോളിങ് നടന്നു. കനത്ത മല്‍സരം നടന്ന കഴക്കൂട്ടത്തും സമാനമായ പോളിങ്ങാണ് നടന്നത്. 69.46 ആണ് കഴക്കൂട്ടത്തെ പോളിങ്.

Tags: