എല്ലാ ജില്ലകളിലും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ്; സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേകസംഘം

സംസ്ഥാനത്ത് ഒരു എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും. എഡിജിപി മനോജ് എബ്രഹാമിനാകും പുതിയ സംഘത്തിന്റെ ചുമതല

Update: 2021-12-27 08:49 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ പോലിസ് സംഘം. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒരു എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും. എഡിജിപി മനോജ് എബ്രഹാമിനാകും പുതിയ സംഘത്തിന്റെ ചുമതല. എല്ലാ ജില്ലകളിലും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കും. സംസ്ഥാന തലത്തില്‍ എഡിജിപി റാങ്കിലൊരു നോഡല്‍ ഓഫിസറുണ്ടാകും. സംസ്ഥാനത്ത് ഗുണ്ടാലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലും കുടിപ്പകയും വര്‍ദ്ധിച്ച സാഹചര്യമാണ് നിലവില്‍.

ഗുണ്ടകള്‍ ലഹരി മാഫിയ സംഘങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനം, സാമ്പത്തിക ഇടപാട്, ഇവരുടെ ബന്ധങ്ങള്‍ എന്നിവ സംഘം പരിശോധിക്കും. ഗുണ്ടാക്കുടിപ്പകയും കൊലപാതങ്ങളും ഒഴിവാക്കാനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാവും ഈ സംഘത്തിന്റെ ചുമതല. എല്ലാ ജില്ലകളിലും ഗുണ്ടാവിരുദ്ധ സ്‌ക്വാഡുകള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ പോലിസ് മേധാവികള്‍ സ്‌ക്വാഡുകള്‍ പിരിച്ചുവിട്ടു.

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തോടെ ഷാഡോ സംഘങ്ങളും ഏറെകുറ നിര്‍ജ്ജീവമായി. ഇതിനുശേഷം തലപൊക്കിയ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സംഘടിതമായ പോലിസ് സംഘമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരു എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സര്‍ക്കാരിന് ഡിജിപി ശുപാര്‍ശ നല്‍കിയത്. ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പുതിയ സംഘത്തില്‍ മൂന്നാം മുറയും അഴിമതിയും ഒഴിവാക്കാനാണ് ഒരു ഉന്നത ഉദ്യോഗസ്ഥന് തന്നെ ഏകോപന ചുമതല നല്‍കിയത്.

Tags: